മലയാള  സംഗീത പ്രേമികൾ എക്കാലവും ഓർമയിൽ സൂക്ഷിക്കുന്ന നിത്യഹരിതഗാനങ്ങളുടെ രാജശില്പി അർജുനൻ മാസ്റ്റർ വിടവാങ്ങുമ്പോൾ സമാനതകളില്ലാത്ത ഒരു സംഗീതയുഗം അസ്തമിക്കുകയാണ്. ആറ് പതിറ്റാണ്ടിലേറെ നീണ്ട സംഗീത സപര്യയിൽ ആയിരത്തിലധികം ഗാനങ്ങൾക്ക് ഈണമിട്ട മഹാ പ്രതിഭ. ആസ്വാദക ഹൃദയങ്ങളിൽ എന്നും നിറയുന്ന ഈണങ്ങൾ ഒരുക്കിയ അർജുനൻ മാസ്റ്റർക്ക് അദ്ദേഹത്തിന്റെ പ്രതിഭയോട് നീതി പുലർത്തുന്ന അംഗീകരങ്ങളും പുരസ്കാരങ്ങളും ലഭിച്ചിട്ടില്ല എന്നത് ഒരു ദുഃഖ സത്യമായി അവശേഷിക്കും.1968ൽ ‘കറുത്ത പൗർണമി എന്ന ചിത്രത്തിലൂടെ സംഗീത യാത്ര ആരംഭിച്ച അദ്ദേഹത്തിന് മികച്ച സിനിമാ സംഗീതസംവിധായകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചത് രണ്ടുവർഷം മുമ്പ് മാത്രമാണ് എന്നത് വേദനയോടെ മാത്രമേ സംഗീത പ്രേമികൾക്ക് ഓർമ്മിക്കാൻ കഴിയു. അദ്ദേഹത്തിന് ഭയാനകം എന്ന ചിത്രത്തിലൂടെ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരം ലഭിച്ചപ്പോൾ സംഗീതാസ്വാദകൻ കൂടിയായ ഡോ. റഷീദ് പട്ടത്ത് എഴുതിയ കുറിപ്പിൽ സൂചിപ്പിച്ചത് ഇങ്ങനെ – “അർജുനൻ മാസ്റ്റർക്ക് അവാർഡ് നൽകുന്നതിലൂടെ മലയാള സിനിമാസംഗീതമാണ് ആദരിക്കപ്പെടുന്നത്”.ഓരോ സംഗീത പ്രേമിയുടേയും വികാരമാണ് ഈ വാക്കുകളിൽ നിറയുന്നത്.

ഡോ. റഷീദ് പട്ടത്ത് എഴുതിയ കുറിപ്പിന്റെ പൂർണ രൂപം

ഒടുവിൽ അർജുനൻ മാസ്റ്റർക്ക് പുരസ്‌കാരം!
മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാന അവാർഡ് !!
44 വർഷങ്ങൾക്കു മുൻപേ ലഭിക്കേണ്ട അംഗീകാരം.
നാടക ഗാനങ്ങൾക്ക് എത്രയോ തവണ അദ്ദേഹത്തിന് സംസ്ഥാന അവാർഡ് ലഭിച്ചിരിക്കുന്നു! എന്നിട്ടും സിനിമാസംഗീതത്തിന് സംസ്ഥാന പുരസ്‌കാരം ഈ കാലമത്രയും അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടു. ഇന്ന് അർജുനൻ മാസ്റ്റർക്ക് അവാർഡ് നൽകുന്നതിലൂടെ മലയാള സിനിമാസംഗീതമാണ് ആദരിക്കപ്പെടുന്നത്.

അർജുനൻ മാഷ് , മരണമില്ലാത്ത മനോഹര ഗാനങ്ങളിലൂടെ നമ്മുടെയെല്ലാം അധരങ്ങളിൽ മധുരം നിറക്കാൻ തുടങ്ങിയിട്ട് അൻപതുവർഷങ്ങൾ ആകുന്നു. കസ്‌തൂരി മണക്കുന്നല്ലോ , വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി, തിരയും തീരവും, തളിർവലയോ താമരവലയോ, സീമന്തരേഖയിൽ ചന്ദനം ചാർത്തിയ, വെള്ളിപ്പൂ തട്ടമിട്ട് , മാനത്തിൻ മുറ്റത്ത്, പൗർണ്ണമി ചന്ദ്രിക, പാടാത്ത വീണയും പാടും, പാലരുവിക്കരയിൽ, ശില്പകലാ ദേവതയ്‌ക്കു പുഷ്പ്പാഞ്ജലി വയ്‌ക്കുമീ, മൈലാഞ്ചിക്കാട്ടിൽ….തലമുറകളെ അതിജീവിച്ച എത്രയോ ഗാനങ്ങൾ അദ്ദേഹം നമുക്ക് നൽകിയിരിക്കുന്നു….

ചെട്ടിക്കുളങ്ങര ഭരണിനാളിൽ എന്ന ഗാനത്തോട് കിടപിടിക്കുന്ന ഒരു ഗാനം ആ ശ്രേണിയിൽ പിന്നീട് മലയാളത്തിൽ ഉണ്ടായിട്ടുണ്ടോ?
ജയിക്കാനായ് ജനിച്ചവൻ, പൂവിനു കോപം വന്നാൽ , നാലുകാലുള്ളൊരു നങേലിപ്പെണ്ണിനെ, തരിവളകൾ ചേർന്നുകിലുങ്ങി, സിന്ദൂരം തുടിക്കുന്ന, കണ്ണിൽ എലിവാണം, അമ്മമാരേ വിശക്കുന്നു, തുടങ്ങിയ  എക്കാലത്തെയും ഹിറ്റ് ഗാനങ്ങൾ ഒരു സിനിമയിലൂടെ നൽകി അത്ഭുതം സൃഷ്ട്ടിച്ച  അർജുനൻ മാഷ് , സംഗീതം നൽകിയ ബഹുഭൂരിപക്ഷം ഗാനങ്ങളും  ജനപ്രിയമാക്കി.

ആയിരം കാതമകലെയാണെങ്കിലും മായാതെ മക്ക മനസ്സിൽ നിൽപ്പൂ എന്ന ഗാനം ഇപ്പോൾ കേൾക്കുമ്പോളും നമുക്ക് തോന്നും ഇതിലും മനോഹരമായി ഈ ഗാനം എങ്ങിനെയാണ് ചിട്ടപ്പെടുത്തുന്നത് എന്ന് !! അതാണ് അർജുനൻ മാസ്റ്ററുടെ കരസ്പർശം. അതുകൊണ്ടുതന്നെ കാലപ്പഴക്കത്താൽ മാറ്റാൻ കഴിയാതെ ആ ഗാനം അനശ്വരമായി നിൽക്കുന്നു.

അംഗീകാരങ്ങളും പൂച്ചെണ്ടുകളും നൽകാൻ മടിച്ചവരോടുപോലും പരാതിയോ പരിഭവമോ ഇല്ലാതെ ഒരു ചെറു പുഞ്ചിരിയോടെ അർജുനൻ മാഷ് തന്റെ യാത്ര തുടരുന്നു

 

 

Spread the love
  •  
  •  
  •  
  •  
  •  
  •  
  •