മലയാളത്തിൽ ത്രില്ലർ സ്വാഭാവത്തിലുള്ള സിനിമകൾക്ക് അടുത്ത കാലത്തായി വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. നവാഗത സംവിധായകൻ ജോഫിന്‍ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്ത ‘ദി പ്രീസ്റ്റ്’ എന്ന മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തിയ സിനിമയും ത്രില്ലർ മൂഡിൽ ഒരിക്കിയിരിക്കുന്ന ഒന്നാണ്. വേഷത്തിലും സ്‌റ്റൈലിലുമെല്ലാം സവിശേഷതകൾ നിറഞ്ഞ മമ്മൂട്ടി കഥാപാത്രമാണ് ഫാ. ബെനഡിക്റ്റ്.മമ്മൂട്ടിയും മഞ്ജുവാര്യരും ആദ്യമായി ഒന്നിച്ച സിനിമയ്ക്ക് ശ്യാം മേനോനും ദീപു പ്രദീപും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. കോവിഡ് സൃഷ്‌ടിച്ച ഇടവേളയ്‌ക്കൊടുവിൽ പ്രദർശനത്തിനെത്തിയ സൂപ്പർ താര സിനിമ എന്ന പ്രത്യേകതയുമുള്ള പ്രീസ്റ്റ് തുടര്‍ ആത്മഹത്യപരമ്പരയുടെ അന്വേഷണ വഴികളിലൂടെ മുന്നോട്ട് സഞ്ചരിക്കുന്നു.

ആദ്യാവസാനം ത്രില്ലിങ്  മൂഡ് നിലനിർത്തുക, സസ്പെൻസ് മികച്ചതാക്കുക എന്നിവയാണ് ഒരു മികച്ച ത്രില്ലർ സിനിമയുടെ പ്രധാന ലക്ഷണങ്ങളായി പറയപ്പെടുന്നത്. അങ്ങനെ വിലയിരുത്തിയാൽ പ്രേക്ഷകരെ ഒരു വലിയ അളവ് വരെ തൃപ്തിപ്പെടുത്തുവാൻ ചിത്രത്തിന് സാധിച്ചു. ഒഴുക്കുള്ള തിരക്കഥയും രാഹുൽ രാജിന്റെ തകർപ്പൻ പശ്ചാത്തല സംഗീതവും സിനിമയുടെ പ്രധാന ഘടകങ്ങളാണ്. പുതുമുഖ സംവിധായകൻ എന്ന നിലയിൽ ജോഫിൻ ശരാശരിയ്ക്കും മുകളിൽ തന്നെ. എങ്കിലും പരിചയ സമ്പന്നനായ ഒരു സംവിധായകൻ ആയിരുന്നു എങ്കിൽ സിനിമയുടെ ടോട്ടാലിറ്റി ഇതിലും മികച്ചത് ആകുമായിരുന്നു.ഫാദര്‍ ബെനഡിക്റ്റ് എന്ന വേഷത്തിലൂടെ മമ്മൂട്ടി വീണ്ടും ഒരു വേറിട്ട കഥാപാത്രത്തെ അതി മനോഹരമാക്കി. അദ്ദേഹത്തിന്റെ ശരീര ഭാഷയും ഡയലോഗ് ഡെലിവറിയുമെല്ലാം കഥാപാത്രത്തെ ഗംഭീരമാക്കി. മഞ്ജു വാര്യർ തന്റെ കഥാപാത്രത്തോട് പൂർണമായും നീതിപുലർത്തി.

സാങ്കേതിക മേഖലകളിൽ പ്രീസ്റ്റ് ഏറെ മുന്നിലാണ് .ഛായാഗ്രഹണം നിർവഹിച്ച  അഖില്‍ ജോര്‍ജ്ജ് പ്രത്യേക പരാമർശം അർഹിക്കുന്നു.നിരവധി  സസ്പെന്‍സുകളും ട്വിസ്റ്റുകളും ഹൊറർ മൊമെന്റ്സും നിറഞ്ഞ ചിത്രമാണ് പ്രീസ്റ്റ്. . തീയറ്റർ എക് സ്‌പീരിയൻസ് ഈ സിനിമയുടെ ആസ്വാദനത്തിന് ഏറെ ആവശ്യമാണ്. മികച്ച ആദ്യ പകുതിയും അത്രത്തോളം ആസ്വാദ്യകരമല്ലാത്ത രണ്ടാം പകുതിയും മോശമല്ലാത്ത ക്‌ളൈമാക്സും ചേർന്ന തരക്കേടില്ലാത്ത ഒരു   ത്രില്ലർ എന്ന വിശേഷണമാണ് സിനിമയ്ക്ക് ചേരുക

Spread the love
  •  
  •  
  •  
  •  
  •  
  •  
  •