മലയാള സിനിമയ്ക്ക് നിരവധി സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച തമ്പി കണ്ണന്താനം കാല യവനികയ്ക്കുള്ളിൽ മറയുമ്പോൾ മോഹൻലാലിനെ സൂപ്പർ താര പദവിയിലേക്ക് കൈ പിടിച്ചുയർത്തിയ സംവിധായകനെക്കൂടിയാണ് മലയാളത്തിന് നഷ്ടമാകുന്നത്.തനിക്ക് പറയാനുള്ളത് ആരുടെ മുന്നിലും വെട്ടിത്തുറന്ന് പറയുന്ന സ്വഭാവക്കാരനായിരുന്നു തമ്പി കണ്ണന്താനം. രാജാവിന്റെ മകൻ എന്ന ചിത്രത്തിലൂടെ മോഹൻലാൽ സൂപ്പർ താര പദവി നേടിയതിന് നിമിത്തമായതും തമ്പിയുടെ ചില ഉറച്ച നിലപാടുകള്‍ ആണെന്ന് പറയാം.തമ്പി കണ്ണന്താനം മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ‘ആ നേരം അല്‍പ ദൂരം’ എന്ന ചിത്രം പരാജയപ്പെട്ടു. തുടർന്ന് വിന്‍സന്റ് ഗോമസ് എന്ന അധോലോക നായകന്റെ കഥയുമായി അദ്ദേഹം മമ്മൂട്ടിയെ സമീപിച്ചു. തമ്പിയില്‍ വിശ്വാസം പോരായിരുന്ന മമ്മൂട്ടി ആ ചിത്രം ഒഴിവാക്കി.

                            ഈ സംഭവത്തെ കുറിച്ച് തമ്പി കണ്ണന്താനം ഒരു ചലച്ചിത്ര പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചത് ഇങ്ങനെ – ‘മമ്മൂട്ടി മുഖത്തുനോക്കി പറഞ്ഞു, ഡെന്നീസിന്റെ കഥകൊള്ളാം പക്ഷേ തമ്പിക്കൊപ്പം സഹകരിക്കാന്‍ എനിക്ക് താല്‍പ്പര്യമില്ല. ‘ഞാന്‍ ലാലിനെ വെച്ച് ചെയ്‌തോളാമെന്നും ഈ പടം ഇറങ്ങുന്ന അന്ന് തന്റെ താരസിംഹാസനത്തിന്റെ കൗണ്ട് ഡൗണാണെന്ന് ഞാനും മമ്മൂട്ടിയുടെ മുഖത്ത് നോക്കി പറഞ്ഞു.’ മോഹന്‍ലാലിന്റെ സമ്മതം കിട്ടിയതോടെ എനിക്ക് വാശിയായി. ഇതിനിടയില്‍ ഒരു പൊതു ചടങ്ങില്‍ വെച്ച് ഞാനും മമ്മൂട്ടി അപ്രതീക്ഷിതമായി നേര്‍ക്കുനേര്‍ കണ്ടുമുട്ടിയപ്പോള്‍ വിന്‍സെന്റ് ഗോമസിന്റെ ചില ഡയലോഗുകൾ ഉരുവിട്ടുകൊണ്ട് മമ്മൂട്ടി തമാശ രൂപേണ കളിയാക്കി. ഞാന്‍ അതൊന്നും കാര്യമാക്കിയില്ല .1986 ജൂലൈ 16നു റിലീസ് ചെയ്ത ‘രാജാവിന്റെ മകന്‍ ‘ വൻ വിജയം സ്വന്തമാക്കി. വിന്‍സെന്റ് ഗോമസിന്റെ കോരിത്തരിപ്പിക്കുന്ന സംഭാഷണങ്ങള്‍ തരംഗമായി. ഇതേ സമയം, മമ്മൂട്ടിയുടെ ചിത്രങ്ങളെല്ലാം തിയേറ്ററുകളില്‍ പരാജയം ഏറ്റുവാങ്ങുകയാണുണ്ടായത്’. അപ്പോഴാണ് മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാര്‍ പദവി ചൂടിച്ചുകൊണ്ട് തമ്പി മമ്മൂട്ടിയോടുള്ള വെല്ലുവിളി ജയിച്ചത്. പക്ഷേ, അപ്പോഴും മമ്മൂട്ടിയോടുള്ള സൗഹൃദത്തിന് കുറവുണ്ടായിട്ടില്ലെന്നും തമ്പി ഓര്‍ക്കുന്നു. രാജാവിന്റെ മകൻ ഹിറ്റായപ്പോള്‍ അഭിനന്ദിക്കാനും മമ്മൂട്ടി മറന്നില്ല. തന്റെ ചിത്രങ്ങളിൽ തമ്പിക്ക് ഏറ്റവും പ്രിയപ്പെട്ടതും രാജാവിന്റെ മകൻ തന്നെ ആയിരുന്നു. ഈ ചിത്രം റീമേയ്ക്ക് ചെയ്യാനും അദ്ദേഹത്തിന് താല്പര്യമുണ്ടായിരുന്നു

Spread the love
  •  
  •  
  •  
  •  
  •  
  •  
  •