“എല്ലാം തികഞ്ഞ ശബ്ദത്തിന്റെ ഉടമയാണ് ഗാന ഗന്ധർവ്വൻ കെ.ജെ യേശുദാസ് . നാദഗാംഭീര്യവും ശബ്ദ സൗന്ദര്യവും കണക്കിലെടുക്കുമ്പോൾ യേശുദാസിന് അടുത്തെത്താൻ കഴിഞ്ഞിട്ടുള്ളത് ബ്രഹ്മാനന്ദന് മാത്രം”.ഗാനാസ്വാദകർ എക്കാലവും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരുപിടി പാട്ടുകൾ സമ്മാനിച്ച അതുല്യ ഗായകൻ ബ്രഹ്മാനന്ദനെക്കുറിച്ച് ഇങ്ങനെ പറഞ്ഞത് തെന്നിന്ത്യയിലെ ഏറ്റവും മികച്ച സൗണ്ട് റെക്കോർഡിസ്റ്റുകളിൽ ഒരാൾ എന്ന വിശേഷണത്തിന് അർഹനായ സമീർ ആണ്. ആലാപനശുദ്ധികൊണ്ടും, ഭാവതീവ്രതകൊണ്ടും നിരവധി  അനശ്വരഗാനങ്ങൾ കൈരളിക്ക് സമ്മാനിച്ച ബ്രഹ്മാനന്ദന്റെ എഴുപത്തിയഞ്ചാം ജന്മദിനമാണ് ഇന്ന്.1969ൽ സാക്ഷാൽ രാഘവൻ മാസ്റ്റർ സംഗീതസംവിധാനം നിർവ്വഹിച്ച ‘കള്ളിച്ചെല്ലമ്മ’ എന്ന സിനിമയിൽ ‘മാനത്തെ കായലിൻ….’ എന്ന നിത്യ ഹരിത ഗാനം ആലപിച്ചുകൊണ്ട് തന്റെ സിനിമാ സംഗീത യാത്ര ആരംഭിച്ച ബ്രഹ്മനന്ദൻ  കാല യവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് 16 വർഷങ്ങൾ. അദ്ദേഹത്തിന്റെ ഗാനങ്ങൾ ഇന്നും ആസ്വാദകർ നെഞ്ചേറ്റുന്നു. ബ്രഹ്മാനന്ദന് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ സ്നേഹാദരവുമായി ഒരു ഗാനം അവതരിപ്പിച്ചിരിക്കുകയാണ് മകനും പ്രശസ്ത ഗായകനുമായ രാകേഷ് ബ്രഹ്മാനന്ദൻ.

ശ്രീകുമാരൻ തമ്പി രചിച്ച് ആർ.കെ ശേഖർ ഈണമിട്ട “താമരപ്പൂ നാണിച്ചു..” എന്ന മനോഹര ഗാനമാണ് രാകേഷ് അച്ഛന്റെ ജന്മദിനത്തിൽ പുനരവതരിപ്പിച്ചിരിക്കുന്നത്. ബ്രഹ്മാനന്ദൻ എന്ന മഹാ ഗായകന് അർഹിക്കുന്ന ആദരമായി മാറുകയാണ് ഈ ഗാനം. ഒറിജിനൽ ഗാനത്തിന്റെ ആത്മാവ് ഒട്ടും ചോർന്നുപോകാതെ ഭാവസാന്ദ്രമായ ആലാപനം. സംഗീത സംവിധായകൻ എന്ന നിലയിലും ഏറെ പ്രതീക്ഷ നൽകുന്ന രാകേഷ് അഭിനേതാവായും വെള്ളിത്തിരയിൽ തന്റെ സാന്നിധ്യമറിയിക്കാൻ ഒരുങ്ങുകയാണ്.

‘താമരപ്പൂ നാണിച്ചു..’ എന്ന  ഗാനം പങ്കു വെച്ചുകൊണ്ട് രാകേഷ് സോഷ്യൽ മീഡിയയിൽ ഇങ്ങനെ കുറിച്ചു:

 “ഇന്ന് എന്റെ പിതാവ്, കെ പി ബ്രഹ്മാനന്ദന്റെ  75-ാം ജന്മദിനം. ഈ പുണ്യ വേളയിൽ അദ്ദേഹത്തോടൊപ്പം ഉണ്ടായിരിക്കാൻ ഞങ്ങൾക്ക് ഭാഗ്യമുണ്ടായില്ല. എങ്കിലും , അദ്ദേഹത്തിന്റെ ഊഷ്മളമായ ഓർമ്മകളിൽ  ഞങ്ങൾ ജീവിക്കുന്നു.അച്ഛൻ  ആലപിച്ച ഒരു ഗാനം ഞാൻ അവതരിപ്പിക്കുന്നു – മഹാ പ്രതിഭകളായ  ശ്രീകുമാരൻ തമ്പി സാറും ആർ കെ ശേഖർ സാറും ചേർന്ന് സൃഷ്ട്ടിച്ച   “താമരാപു നാണിച്ചു”, എന്റെ പരിധിക്കുള്ളിൽ ഞാൻ പാടാൻ  ശ്രമിച്ചു. നിങ്ങൾക്കെല്ലാവർക്കും ഇത് ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.ഇന്ന്, എന്റെ പിതാവിന്റെ, സ്വർഗത്തിൽ നിന്നുള്ള അനുഗ്രഹത്താൽ എന്റെ യൂട്യൂബ് ചാനൽ ആരംഭിക്കുന്നതിനുള്ള ഏറ്റവും നല്ല ദിവസമായി ഞാൻ കണ്ടെത്തി. ദയവായി ഈ ഗാനം ആസ്വദിക്കുക,നിങ്ങൾക്കിഷ്ടമാണെങ്കിൽ, നിങ്ങളുടെ അടുത്തുള്ളവരും പ്രിയപ്പെട്ടവരുമായി പങ്കിടുക. നിങ്ങളുടെ പിന്തുണയും അനുഗ്രഹങ്ങളും എക്കാലവും വിലമതിയ്ക്കാനാവാത്ത പ്രചോദനമാണ്”

Spread the love
  •  
  •  
  •  
  •  
  •  
  •  
  •