മാർക്കറ്റിങ് തന്ത്രങ്ങൾ മാത്രം സിനിമയുടെ ബോക്സ് ഓഫീസ് പ്രകടനത്തെ സ്വാധീനിക്കുമോ എന്നത് മലയാള സിനിമ ചർച്ച ചെയ്യണ്ട ഒന്നായി മാറുകയാണ്. ആദ്യ രണ്ട് സിനിമകളും താര സാന്നിധ്യമില്ലാതെ വിജയമാക്കിയ ഒമർ ലുലുവിന് ‘ഒരു അഡാർ ലവ്’ എന്ന തന്റെ മൂന്നാം ചിത്രത്തിൽ പിഴവ് സംഭവിച്ചത് സിനിമയുടെ ആഖ്യാന ശൈലിക്കോ പ്രേക്ഷകരുടെ ആസ്വാദനത്തിനോ കൊടുക്കുന്നതിൽ കൂടുതൽ പ്രാധാന്യം മാർക്കറ്റിംഗിന് നൽകിയതിനാൽ ആകണം. കൗമാര പ്രണയമാണ് പ്രണയ ദിനത്തിൽ വെള്ളിത്തിരയിൽ എത്തിയ അഡാർ ലവ്വിന്റെ പ്രമേയം. തന്റെ ആദ്യ രണ്ടു സിനിമകളും പൂര്‍ണമായും യൂത്തിനെ ഫോക്കസ് ചെയ്തവയായിരുന്നുവെന്നും അഡാര്‍ ലവ്വ് ഒരേസമയം യൂത്തിനും ഫാമിലിക്കും ഇഷ്ടപ്പെടുന്ന ഒന്നാണെന്നുമാണ് ഒമർ ലുലു ഈ സിനിമയെക്കുറിച്ച് റിലീസിന് മുൻപ് പറഞ്ഞിരുന്നത്.നാല് ഭാഷകള്‍, 1200 കേന്ദ്രങ്ങള്‍ എന്ന സ്വപ്നതുല്യമായ റിലീസ് ഈ സിനിമയ്ക്ക് ലഭിച്ചിട്ടും അതിനോട് പൂർണമായും നീതിപുലർത്തുന്ന തരത്തിൽ ചിത്രം ഒരുക്കാൻ സംവിധായകന് കഴിഞ്ഞില്ല.

ഒരു കൗമാര പ്രണയകഥ ആയിട്ടും കൗമാരക്കാരെ എങ്കിലും പിടിച്ചിരുത്താൻ കഴിയുന്ന തിരക്കഥയോ അവതരണമോ സിനിമയ്ക്കില്ല. ചില രംഗങ്ങളും സംഭാഷണങ്ങളും ഒഴിച്ചാൽ വിരസമാണ് ചിത്രം. വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം നേരിടേണ്ടി വന്ന പാട്ടുകൾ സിനിമയോട് ചേർന്ന് നിൽക്കുന്നവയായി തോന്നി. പ്രിയാ വാര്യര്‍, റോഷന്‍, നൂറിന്‍ ഷെരീഫ് എന്നിവരുടെ അഭിനയം തരക്കേടില്ലാത്തത് എന്നേ പറയാനുള്ളു.സലീം കുമാർ, സിദ്ധിഖ്,ഹരീഷ് കണാരൻ,ശ്രീജിത്ത് രവി, ശിവജി ഗുരുവായൂർ തുടങ്ങിയവർ തങ്ങളുടെ ചെറിയ വേഷങ്ങൾ ഭദ്രമാക്കി. മലയാളത്തിന്റെ സ്വന്തം കലാഭവൻ മണിക്ക് തന്റെ സിനിമയിലൂടെ ശ്രദ്ധാഞ്ജലി നൽകിയ ഒമറിനെ അഭിനന്ദിക്കണം .പ്രിയക്കും റോഷനും മാണിക്യ മലരായി എന്ന് തുടങ്ങുന്ന പാട്ടിലൂടെ കിട്ടിയ ഭാഷയും ദേശവും കടന്ന അംഗീകാരം സിനിമയുടെ കഥയിൽ വലിയ മാറ്റങ്ങൾ വരുത്താൻ ഒമറിനെ പ്രേരിപ്പിച്ചോ എന്നും സംശയമാണ്.സാങ്കേതികമായി സിനിമ ശരാശരിക്കും മുകളിലാണ്. പക്ഷേ ഒമർ എന്ന പ്രേക്ഷകരുടെ പൾസ് അറിഞ്ഞ സംവിധായകനിൽ നിന്ന് ഇതിൽ ഏറെ ജനകീയമായ, ആസ്വാദ്യകരമായ ഒരു സിനിമയാണ് പ്രതീക്ഷിച്ചത്

 

Spread the love
 • 6
 •  
 •  
 •  
 •  
 •  
 •  
  6
  Shares