ഹൊറർ, സൈക്കളോജിക്കൽ ത്രില്ലർ, സയൻസ് ഫിക്‌ഷൻ വിഭാഗങ്ങളിൽപ്പെടുന്ന സിനിമകൾ മലയാളത്തിൽ ഇതിനുമുൻപ് പലവട്ടം ഉണ്ടായിട്ടുള്ളതാണ്. ഇത്തരം സിനിമകളുടെ ഗണത്തിലുള്ള ‘നയൻ’ ആണ് പൃഥ്വിരാജ് പ്രൊഡക്‌ഷൻസും സോണി പിക്ച്ചേർസും ചേർന്ന് ആദ്യമായി നിർമിച്ചിരിക്കുന്ന ചിത്രം.100 ഡെയ്സ് ഓഫ് ലവ് എന്ന ചിത്രത്തിനു ശേഷം ജെനുസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.ഭൂമിയെ കടന്നുപോകുന്ന ഒരു വാൽനക്ഷത്രത്തിന്റെ പ്രഭാവം കാരണം ഒൻപത് ദിവസങ്ങളിൽ ചില അസാധാരണ സാഹചര്യങ്ങൾ ഉണ്ടാകുന്നു. ഇതിനെ ആധാരമാക്കി ഒരു ഫീച്ചർ തയാറാക്കാൻ മകനേയും കൂട്ടി ഹിമാലയത്തിലേക്ക് പോവുകയാണ് ജ്യോതിശാസ്ത്രജ്ഞനായ ആൽബർട്. തുടർന്ന് ഒൻപത് ദിവസങ്ങൾക്കിടയിൽ ഉണ്ടാകുന്ന അത്യന്തം ആകാംക്ഷാഭരിതമായ സംഭവവികാസങ്ങളാണ് നയൻ ഈ ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്.അച്ഛനും മകനും തമ്മിലുള്ള ബന്ധമാണ് സിനിമയുടെ കാതൽ. ഭീതിതമായ രംഗങ്ങളാണ് സിനിമയെ പലപ്പോഴും മുന്നോട്ട് നയിക്കുന്നത്. തരക്കേടില്ലാത്ത തിരക്കഥയും സംവിധാന മികവും കൊണ്ട് നയൻ പ്രേക്ഷകരെ പിടിച്ചിരുത്തുന്നതിൽ വിജയിച്ചിരിക്കുന്നു.

സാങ്കേതികമായി ഏറെ മുന്നിലാണ് ഈ ചിത്രം. ഛായാഗ്രഹണവും എഡിറ്റിംഗും സംഗീതവും ഒക്കെ സിനിമയുടെ ആത്മാവിനോട് ചേർന്ന് നിൽക്കുന്നു .വിഎഫ്എക്‌സ് മികച്ചു നിൽക്കുന്നു.അഭിനേതാക്കളുടെ മികവാർന്ന പ്രകടനം സിനിമയെ ഏറെ സഹായിച്ചിട്ടുണ്ട്. ഭീതി, നിസ്സഹായത, പക, വാത്സല്യം എന്നിവയെല്ലാം തന്റെ കഥാപാത്രത്തിൽ അതി സമർത്ഥമായി സന്നിവേശിപ്പിക്കാൻ അദ്ദേഹത്തിനായി.വാമിഖ (ഗോദ ഫെയിം), പൃഥ്വിയുടെ മകന്റെ വേഷത്തിലെത്തിയ ബാലതാരം അലോക് എന്നിവരെല്ലാം കയ്യടി നേടുന്നു. ഹൊറർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് നിശ്ചയമായും ഇഷ്ടപ്പെടുന്ന സിനിമയാകും നയൻ. സാങ്കേതികമായി മലയാള സിനിമയുടെ വളർച്ച കൃത്യമായി അടയാളപ്പെടുത്തുന്ന സിനിമ കൂടിയാണ് നയൻ. മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന തരം ഒരു സിനിമ നിർമ്മിക്കുവാനും അതിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുവാനും തയ്യാറായ പ്രിത്വി തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. ഈ സിനിമയുടെ സാങ്കേതിക മേഖലകളിൽ പ്രവർത്തിച്ചവർക്കും അഭിനേതാക്കൾക്കും ഏറെ അഭിമാനിക്കാം. ഒപ്പം സങ്കീർണമായ പ്രമേയത്തെ കയ്യടക്കത്തോടെ അവതരിപ്പിച്ച ജെനുസ് എന്ന സംവിധായകൻ മലയാള സിനിമയ്ക്ക് ഒരു മുതൽക്കൂട്ടാണ് എന്നും പറയാം

Spread the love
 • 1
 •  
 •  
 •  
 •  
 •  
 •  
  1
  Share