പ്രേക്ഷകപ്രീതിയും ബോക്സ് ഓഫീസ്സ് വിജയങ്ങളും സ്വന്തമാക്കിയ സൂപ്പർ ഹിറ്റ് സിനിമകൾ ഒരുക്കിയ നാദിർഷ പുതിയ ചിത്രവുമായി എത്തുന്നു. ജയസൂര്യ,സലിം കുമാർ, നമിത പ്രമോദ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയുടെ ചിത്രീകരണം നവംബർ പത്തിന് ആരംഭിക്കും.ഈ സിനിമയുടെ തിരക്കഥ സുനീഷ് വാരനാടാണ് രചിച്ചിരിക്കുന്നത് . സുജിത് വാസുദേവ് ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രം അരുൺ നാരായൺ പ്രൊഡക്ഷൻസ് നിർമിക്കുന്നു. ആർട്ട് ഡയറക്ടർ -സുജിത് രാഘവ്. പ്രൊജക്റ്റ് ഡിസൈനർ- ബാദുഷ. നാദിർഷയുടെ ആദ്യ ചിത്രം ‘അമർ അക്ബർ അന്തോണി’ വെള്ളിത്തിരയിലെത്തിയിട്ട് അഞ്ച് വർഷം പിന്നീടുമ്പോഴാണ് പുതിയ സിനിമയുടെ പ്രഖ്യാപനം ഉണ്ടാകുന്നത്. സ്റ്റേജ് ഷോകളിലൂടെയും മിമിക്രി പ്രോഗ്രാമുകളിലൂടെയും മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളായ കോമഡി കാസറ്റുകളിലൂടെയും ആസ്വാദകരുടെ മനസ്സറിയാൻ സാധിച്ച കലാകാരൻ സിനിമാ സംവിധായകന്റെ കുപ്പായം അണിഞ്ഞപ്പോഴും പ്രേക്ഷക പ്രതീക്ഷകൾക്കൊപ്പം ഉയർന്നു എന്നതാണ് നാദിർഷ സിനിമകളുടെ ജനപ്രിയതയും, വിജയവും അടിവരയിടുന്നത്. മലയാളികളെ ഏറെ ചിരിപ്പിച്ച വേഷങ്ങളിൽ തുടങ്ങി വ്യത്യസ്തത നിറഞ്ഞ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്‍മയിപ്പിച്ച്‌ അംഗീകാരങ്ങളുടെയും പുരസ്‌ക്കാരങ്ങളുടെയും നിറവിലെത്തിയ ജയസൂര്യയും സലിം കുമാറും നാദിർഷ സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി എത്തുമ്പോൾ പ്രേക്ഷക പ്രതീക്ഷകൾ വാനോളമാണ്.

ദിലീപിനെയും ഉർവ്വശിയെയും പ്രധാന കഥാപാത്രങ്ങളാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ‘കേശു ഈ വീടിന്റെ നാഥൻ’ എന്ന സിനിമയുടെ ഒരു ഗാനരംഗം കൂടി ഇനി ചിത്രീകരിക്കാനുണ്ട്.ദിലീപ് തികച്ചും വ്യത്യസ്തമായ വേഷപ്പകർച്ചയിൽ എത്തുന്ന ഈ സിനിമയുടെ തിരക്കഥ ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എഴുതിയ സജീവ് പാഴൂരിന്റെതാണ്. കുടുംബ പശ്ചാത്തലത്തിൽ നർമത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന സിനിമയിൽ വൻ താര നിരയുടെ സാന്നിധ്യവുമുണ്ട്.ആസിഫ് അലി , ബിജു മേനോൻ , ബൈജു എന്നിവർ മൂന്ന് ഷാജിമാരായി എത്തിയ ‘മേരാ നാം ഷാജി’ ആണ് നാദിർഷയുടെ സംവിധാനത്തിൽ വെള്ളിത്തിരയിൽ എത്തിയ അവസാന ചിത്രം.’അമർ അക്ബർ ആന്റണി’, ‘കട്ടപ്പനയിലെ ഋഥ്വിക്ക് റോഷൻ’ എന്നീ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം എത്തിയ ‘മേരാ നാം ഷാജി’ നാദിർഷാച്ചിത്രങ്ങളിൽ ആദ്യ വാരം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമയാണ്.നിർമാതാവിന് റിലീസിന് മുന്നേ ലാഭം നേടിക്കൊടുക്കാൻ സാധിച്ച ചിത്രമാണ് ‘മേരാ നാം ഷാജി’.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •