പ്രമുഖ വസ്ത്ര നിർമ്മാണ കമ്പനിയ്ക്ക് വേണ്ടി മോഹൻലാൽ പ്രത്യക്ഷപ്പെട്ട പരസ്യം കാരണം ഖാദി ബോർഡിന്റെ വരുമാനം കുറഞ്ഞതായും അദ്ദേഹത്തോട് പരസ്യത്തിൽ നിന്ന് പിന്മാറണം എന്ന് അഭ്യർത്ഥിക്കുകയാണ് ചെയ്തതെന്നും ശോഭന ജോർജ്. പരസ്യത്തിൽ ചർക്ക ഉപയോഗിച്ചതും രഘുപതി രാഘവാ രാജാറാം ബി.ജി.എം ആയി വന്നതുമാണ് എതിർത്തത്. അദ്ദേഹത്തിന് 50 കോടിയുടെ നഷ്ടപരിഹാരം നൽകാനുള്ള ത്രാണി ഖാദി ബോർഡിനില്ല എന്നും ശോഭന പറഞ്ഞു. തുച്ഛമായ വേതനത്തിൽ ജോലി ചെയ്യുന്നവരാണ് ഖാദി ജീവനക്കാരിൽ മിക്കവരും. അവരുടെ വരുമാനം കുറഞ്ഞ അവസ്ഥയിലാണ് ഇക്കാര്യത്തിൽ പ്രതികരിച്ചത്. ശക്തനായ മോഹൻലാലിനോട് ഏറ്റുമുട്ടാൻ ഞങ്ങൾക്ക് കരുത്തില്ലെന്നും ശോഭന ജോർജ് പറഞ്ഞു. അദ്ദേഹത്തോട് ആദരവുണ്ട് . പക്ഷേ ഏറ്റവും താഴെത്തട്ടിൽ ജോലി ചെയ്യുന്നവരെ ബാധിക്കുന്ന കാര്യമാണിത്. കേസുണ്ടായാൽ നേരിടും, എങ്ങനെ മാപ്പു പറയണം എന്നറിയില്ല – ശോഭന കൂട്ടിച്ചേർത്തു

 

തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് ഖാദി ബോർഡ് ഉപാധ്യക്ഷ ശോഭനാ ജോർജ്ജിനെതിരെ മോഹൻലാൽ വക്കീൽ നോട്ടീസ് അയച്ചിരുന്നു . തനിക്കെതിരെ നടത്തിയ പരാമർശങ്ങൾ പിൻവലിച്ച് ശോഭനാ ജോർജ്ജ് മാപ്പുപറയണമെന്നും, മുൻനിര പത്രങ്ങളിലും ചാനലുകളിലും മാപ്പ് അപേക്ഷ നൽകാൻ തയ്യാറാകണം എന്നും ഇങ്ങനെ ചെയ്തില്ലെങ്കിൽ അമ്പത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതി നടപടികളേക്ക് കടക്കുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ നവംബറിലാണ് ഈ നോട്ടീസ് മോഹൻലാൽ ശോഭനയ്ക്ക് അയച്ചതെങ്കിലും ഇപ്പോഴാണ് ഇതിന്റെ വിശദാംശങ്ങൾ പുറത്തു വരുന്നത്.

പ്രമുഖ വസ്ത്ര നിർമ്മാണ കമ്പനിയുടെ പരസ്യത്തിൽ ചർക്കയിൽ നൂൽ നൂൽക്കുന്ന രം​ഗത്തിൽ മോഹൻലാൽ പ്രത്യക്ഷപ്പെട്ടിരുന്നു. സംസ്ഥാന ഖാദി ബോര്‍ഡ് മോഹൻലാലിനും മുണ്ട് നിര്‍മ്മാണ കമ്പനിക്കും ഇക്കാര്യത്തിൽ നോട്ടീസ് അയച്ചു. ദേശീയതയുടെ അടയാളങ്ങളിലൊന്നായ ചര്‍ക്കയെ ഖാദിയുമായോ ചര്‍ക്കയുമായോ ബന്ധവുമില്ലാത്ത ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ ഉപയോഗിക്കുന്നത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഖാദി ബോർഡ് നോട്ടീസയച്ചത്. അന്ന് സംസ്ഥാനഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഉപാധ്യക്ഷ ആയിരുന്ന ശോഭന ജോര്‍ജ് പൊതുവേദിയിൽ ഇത് പരസ്യമാക്കിയിരുന്നു . പിന്നീട് മാധ്യമങ്ങളും ഇത് ചർച്ചയാക്കി. മോഹൻലാലിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ സോഷ്യൽ മീഡിയയിൽ അടക്കം രംഗത്ത് വന്നു.തുടര്‍ന്ന് മോഹൻലാൽ ചർക്ക നൂൽക്കുന്ന പരസ്യം പിൻവലിക്കാൻ കമ്പനി തയ്യാറായി. എന്നാൽ ശോഭന ജോർജിന്റെ പരാമർശങ്ങൾ വ്യക്തപരമായി വലിയ അപമാനമായതിനാൽ മോഹൻലാൽ ഇതാണ് നിയമനടപടികളിലേക്ക് കടക്കുകയായിരുന്നു

അനാവശ്യമായി തന്നെ കടന്നാക്രമിച്ച് പ്രശസ്തി നേടാനാണ് ശോഭന ഇതിലൂടെ ശ്രമിച്ചതെന്ന് വക്കീൽ നോട്ടീസിൽ മോഹൻലാൽ വ്യക്തമാക്കുന്നു.ഖേദപ്രകടനം നടത്തിയില്ലെങ്കിൽ അമ്പത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതി നടപടികളേക്ക് കടക്കുമെന്ന് നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സുകുമാർ അഴീക്കോടും മോഹൻലാലും തമ്മിൽ 2011 ൽ നടന്ന വാഗ്വാദങ്ങൾക്കൊടുവിൽ അഴീക്കോട് മോഹൻലാലിനെതിരെ മാനഷ്ടക്കേസ് ഫയൽ ചെയ്തത് അന്ന് വാർത്ത ആയിരുന്നു. തന്റെ മാനസികനിലയെപ്പറ്റി മോഹൻലാൽ അപകീർത്തിപരമായ പരാമർശങ്ങൾ നടത്തിയെന്നായിരുന്നു അഴീക്കോടിന്റെ ആരോപണം. നടന്‍ തിലകനും താര സംഘടനയായ അമ്മയും തമ്മിലുണ്ടായ ഭിന്നതയ്ക്കിടയില്‍ തിലകനെ അനുകൂലിച്ച് സംസാരിച്ച അഴീക്കോടിന് ‘മതിഭ്രമ’മാണെന്ന ലാലിന്റെ പരാമര്‍ശത്തിനെതിരെ അഴീക്കോട് അപകീര്‍ത്തി കേസ് നല്‍കിയിരുന്നു. പിന്നീട് പിണക്കങ്ങളെല്ലാം മാറി ഇരുവരും സുഹൃത്തുക്കളായിരുന്നു.രോഗക്കിടക്കയിൽ അഴീക്കോടിനെ സന്ദർശിക്കാൻ മോഹൻലാൽ എത്തിയതും അന്ന് വാർത്തകളിൽ നിറഞ്ഞിരുന്നു

Spread the love
 • 8
 •  
 •  
 •  
 •  
 •  
 •  
  8
  Shares