നിരവധി ബയോപ്പിക്കുകൾ വിവിധ ഭാഷകളിലായി വെളളിത്തിരയിൽ എത്തിയിട്ടുണ്ട്. പലതും മഹാരഥന്മാരായ വ്യക്തികളുടെ ജീവിതം കൃത്യമായി അടയാളപ്പെടുന്നുന്നവയായി. വ്യക്തിപൂജയ്ക്കായും രാഷ്ട്രീയ നേട്ടങ്ങൾക്കായും പുറത്തിറക്കിയ ചിത്രങ്ങൾ എന്ന് പ്രത്യക്ഷത്തിൽ മനസ്സിലാകുന്ന സിനിമകളും ഇക്കൂട്ടത്തിൽ ഉണ്ട്. രാഷ്ട്രീയ നേതാക്കൾ അടക്കമുള്ള പ്രശസ്ത വ്യക്തിത്വങ്ങളെ മഹത്വവത്ക്കരിക്കുകയോ ഇകഴ്ത്തുകയോ ചെയ്യുന്ന തരം സിനിമകൾ അടുത്തകാലത്തും ചർച്ചയായിട്ടുണ്ട്. ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയായി മമ്മൂട്ടി വേഷമിട്ട യാത്രയും ബയോപ്പിക്ക് വിഭാഗത്തിൽപ്പെടുത്താവുന്ന ഒരു ചിത്രമാണ്. ആസന്നമായ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ഒരുക്കിയ ഒരു സിനിമ എന്ന് പ്രത്യക്ഷത്തിൽ തോന്നിപ്പിക്കുന്നതരം ഒരു ചിത്രമാണ് യാത്ര.ആന്ധ്രാപ്രദേശ് രാഷ്ട്രീയത്തെ ഏകീകരിപ്പിക്കുക എന്ന ബൃഹത്തായ ലക്ഷ്യത്തോടെ 1475 കിലോമീറ്ററോളം വൈഎസ്ആര്‍ നടത്തിയ പദയാത്രയാണ് ഈ സിനിമയ്ക്ക് അടിസ്ഥാനം.മഹി വി രാഘവ് സംവിധാനം ചെയ്ത ചിത്രം വിജയ് ചില്ലയും ശശി ദേവിറെഡ്ഡിയും ചേര്‍ന്നാണ് നിര്‍മിച്ചത്.

ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒരേടാണ് വെ.എസ് രാജശേഖര റെഡ്ഡിയുടേത്. ആന്ധ്രക്കാര്‍ സ്‌നേഹത്തോടെയും ബഹുമാനത്തോടെയും വൈ.എസ്.ആര്‍ എന്നുവിളിക്കുന്ന രാജശേഖര റെഡ്ഡി തെലുങ്ക് രാഷ്ട്രീയത്തില്‍ അതികായനായത് തന്റെ പദയാത്രയിലൂടെയാണ്.രണ്ട് തവണ മുഖ്യമന്ത്രി പദം അലങ്കരിച്ച വെ.എസ്.ആര്‍ എന്ന ജനനായകൻ ഒരു ഹെലിക്കോപ്റ്റര്‍ അപകടത്തിലാണ് കൊല്ലപ്പെടുന്നത്. വൈ.എസ്.ആറിനുള്ള ശ്രദ്ധാഞ്ജലി എന്ന നിലയിൽ അവതരിപ്പിക്കപ്പെടുന്ന ചിത്രം കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. തിരക്കഥയിൽ ഈ വൈ.എസ്.ആര്‍ വ്യക്തിപൂജ വളരെ പ്രകടമാണ്. സർവ്വഗുണ സമ്പന്നനായ നായകനെ അവതരിപ്പിച്ച് കയ്യടി നേടുന്ന ജനപ്രിയ സിനിമകളുടെ ചട്ടക്കൂടിൽ നിന്ന് പുറത്തുകടക്കാനാകാത്തതാണ് യാത്രയുടെ പ്രധാന പോരായ്മ. സിനിമയുടെ അവസാന ഭാഗങ്ങൾ തെരഞ്ഞെടുപ്പ് പ്രചരണ വീഡിയോകളുടെ നിലവാരത്തിൽ ഉള്ളവയാണ്.

1992ല്‍ കെ.വിശ്വനാഥ് സംവിധാനം ചെയ്ത ‘സ്വാതി കിരണ’ത്തിന് ശേഷം 26 വര്‍ഷങ്ങള്‍ കഴിയുമ്പോഴാണ് മമ്മൂട്ടി വീണ്ടും തെലുങ്കില്‍ എത്തുന്നത്. ചരിത്ര നായകന്മാരെ വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നതിൽ മമ്മൂട്ടി എന്ന നടനുള്ള അതുല്യമായ കഴിവിന് യാത്ര ഒരിക്കൽ കൂടി അടിവരയിടുന്നു.വേഷത്തിലും നടപ്പിലും സംഭാഷണ രീതികളിലുമൊക്കെ അദ്ദേഹത്തിന്റെ കയ്യടക്കം സിനിമയ്ക്ക് മുതൽക്കൂട്ടാണ്. തെലുഗിൽ മമ്മൂട്ടി തന്നെയാണ് ഡബ്ബ് ചെയ്തിരിക്കുന്നതും. ജഗപതി റാവു, റാവു രമേഷ്, സുഹാസിനി മണി രത്നം തുടങ്ങിയവരും യാത്രയിൽ തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി.സംഗീത സംവിധായകനും ഗായകനുമായ കെ (കൃഷ്ണ കുമാര്‍) ചിട്ടപ്പെടുത്തിയ ഗാനങ്ങളും അവയുടെ ചിത്രീകരണവും നന്നായി. ആദ്യ പകുതിയിലെ ചില രംഗങ്ങൾ വല്ലാതെ ഇഴയുന്നു എന്നതും ചില രംഗങ്ങളിലെ അതിഭാവുകത്വം നിറയുന്നു എന്നതും സിനിമയുടെ പോരായ്മയാണ്. വൈ.എസ്.ആര്‍ ആരാധകർക്ക്‌ യാത്ര സംതൃപ്തി നൽകുന്ന ഒരു ചിത്രമായായിരിക്കും എന്നതിൽ തർക്കമില്ല. എന്നാൽ സാധാരണ പ്രേക്ഷകർക്ക് സിനിമ പൂർണമായി ആസ്വാദ്യകരമാകണമെന്നില്ല. ഒരു ജനനേതാവിനെ കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെ മഹത്വവത്ക്കരിക്കാൻ ശ്രമിക്കുന്ന ശരാശരി നിലവാരം മാത്രം പുലർത്തുന്ന ഒരു സിനിമയായി യാത്രയെ വിലയിരുത്താം

Spread the love
 • 9
 •  
 •  
 •  
 •  
 •  
 •  
  9
  Shares