ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും അധികം നവാഗത സംവിധായകർക്ക് അവസരം നൽകിയിട്ടുള്ള നടനാണ് മമ്മൂട്ടി. ലാൽ ജോസ് , ബ്ളസ്സി, വൈശാഖ് , അമൽ നീരദ്, മാർട്ടിൻ പ്രക്കാട്ട് , അൻവർ റഷീദ് , ആഷിഖ് അബു തുടങ്ങി മമ്മൂട്ടിച്ചിത്രങ്ങളിലൂടെ അരങ്ങേറ്റം കുറിച്ച് മലയാള സിനിമയിൽ തങ്ങളുടേതായ സ്ഥാനമുറപ്പിച്ച സംവിധായകർ നിരവധിയാണ്. സമകാലിക മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയരായ എഴുത്തുകാരുടെ മുൻനിരയിലുള്ള മുരളി ഗോപി ആദ്യമായി തിരക്കഥ രചിക്കുന്ന മമ്മൂട്ടിച്ചിത്രം ഒരുക്കുന്നതും ഒരു നവാഗത സംവിധായകനാണ്. പത്ര പ്രവർത്തകൻ കൂടിയായ ഷിബു ബഷീറാണ് മമ്മൂട്ടിച്ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നത്. അടുത്ത വർഷം ആദ്യം ചിത്രീകരണം ആരംഭിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് സിനിമ വിജയ് ബാബുവാണ് നിർമിക്കുന്നത്. സിനിമയെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

‘ലൂസിഫർ’ എന്ന ചിത്രത്തിന്റെ ഗംഭീര വിജയത്തിന് ശേഷം മുരളി ഗോപി തൂലിക ചലിപ്പിക്കുന്ന സൂപ്പർ താര ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത് . 2004 ൽ ‘രസികൻ’ എന്ന സിനിമയിലൂടെ എഴുത്തുകാരൻ , അഭിനേതാവ് എന്നീ നിലകളിൽ മലയാള സിനിമയിൽ സാന്നിധ്യമറിയിച്ച മുരളി ഗോപിയുടെ ‘ഈ അടുത്ത കാലത്ത്’, ‘ടിയാൻ’, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’, ‘കമ്മാര സംഭവം’ തുടങ്ങിയ രചനകൾ ഏറെ പ്രശംസ പിടിച്ചു പറ്റി. ബി.ഉണ്ണികൃഷ്ണന്റെ സംവിധാന സഹായിയായി ‘മിസ്റ്റർ ഫ്രോഡ് ‘ ‘ഐ ലവ് മി’ തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഷിബു ബഷീർ ‘Yesterday’ , ‘ Detour’ തുടങ്ങിയ ശ്രദ്ധേയങ്ങളായ ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തിട്ടുണ്ട്. മുരളി ഗോപിയുടെ തിരക്കഥയിൽ, മമ്മൂട്ടി മറ്റൊരു നവാഗത സംവിധായകനോടൊപ്പം ഒരുമിക്കുമ്പോൾ പ്രേക്ഷക പ്രതീകകൾ ഏറെയാണ് .

Spread the love
  •  
  •  
  •  
  •  
  •  
  •  
  •