ഒൻപത് വർഷത്തെ ഇടവേളയ്ക്കു ശേഷം പോക്കിരിരാജയുടെ തുടർച്ചായി വെളളിത്തിരയിൽ എത്തിയ ചിത്രമാണ് മധുരരാജ. ആദ്യ ഭാഗത്തിലെ ചില പ്രധാന കഥാപാത്രങ്ങളെ പുതിയ കഥാ പശ്ചാത്തലത്തിൽ അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണ് മധുരരാജ. പാമ്പിൻതുരുത്ത് ഗ്രാമത്തിൽ ഉണ്ടാകുന്ന ഒരു പ്രശ്നം പരിഹരിക്കാൻ മാധവൻമാഷ് ശ്രമിക്കുന്നതും തുടർന്ന് അദ്ദേഹത്തിനുണ്ടാകുന്ന ബുദ്ധിമുട്ടുകളും രാജയെ ഒരിക്കൽ കൂടി കേരളത്തിൽ എത്തിക്കുന്നു. തുടർന്നുള്ള സംഭവവികാസങ്ങളാണ് മധുരരാജയെ മുന്നോട്ട് നയിക്കുന്നത്. മമ്മൂട്ടിയുടെ മധുരരാജ തന്നെയാണ് സിനിമയുടെ ഹൈലൈറ്റ് . മമ്മൂട്ടി ഇത്രയധികം എനെർജെറ്റിക്ക് ആയി പെർഫോം ചെയ്ത ഒരു സിനിമ അടുത്ത കാലത്തൊന്നും കണ്ടിട്ടിട്ടില്ല എന്ന് പറയാം. ഡയലോഗ് ഡെലിവെറിയിലും ആക്ഷൻ രംഗങ്ങളിലും മമ്മൂട്ടിയുടെ മധുരരാജ കാഴ്ചക്കാരെ ആവേശഭരിതരാക്കുന്നു. ജയ്, ജഗപതി ബാബു, സിദ്ദിഖ്, സലിം കുമാർ , നെടുമുടി വേണു തുടങ്ങിയവരെല്ലാം തങ്ങളുടെ കഥാപാത്രങ്ങൾ മികച്ചതാക്കി.
പോക്കിരിരാജയിൽ നിന്ന് മധുര രാജയിൽ എത്തുമ്പോൾ വൈശാഖ് കൂടുതൽ ഇരുത്തം വന്ന
സംവിധായകനായി മാറി എന്ന് പറയാം. ഒരു മാസ്സ് എന്റർടൈനർ എല്ലാ ചേരുവകളും ചേർത്ത് പ്രേക്ഷകരുടെ മുന്നിലെത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഉദയകൃഷ്ണയുടെ തിരക്കഥയും ഒരു വാണിജ്യ ചിത്രത്തിന് ചേരുന്നത് തന്നെ. കണ്ടു മടുത്ത ചില രംഗങ്ങളുടെ ആവർത്തനങ്ങളും ദ്വയാർത്ഥ പ്രയോഗങ്ങളും കല്ലുകടി ആകുന്നുണ്ട് എന്ന് പറയാതെ വയ്യ. ഒരു വാണിജ്യ സിനിമയ്ക്ക് യോജിക്കുന്ന ഛായാഗ്രഹണവും സംഗീതവുമാണ് ചിത്രത്തിന്റേത്. ഷാജി കുമാറും ഗോപി സുന്ദറും സവിശേഷ പരാമർശം അർഹിക്കുന്നു. ആക്ഷൻ രംഗങ്ങൾ ഒരുക്കിയ പീറ്റർ ഹെയ്ൻ കയ്യടി നേടുന്നു. അവസാന അര മണിക്കൂറും ക്ലൈമാക്സും മധുര രാജയുടെ ഗ്രാഫ് ഉയർത്തുന്നു.
ഉത്സവ സീസൺ ലക്ഷ്യമിട്ട് ഒരുക്കിയ ഒരു വാണിജ്യ സിനിമയാണ് മധുര രാജ. ഒരു മാസ്സ് എന്റർടൈനർ എന്ന നിലയിൽ ചിത്രം പ്രേക്ഷകരെ പൂർണമായും തൃപ്തിപ്പെടുത്തുക തന്നെ ചെയ്യും. പേരൻപ്, യാത്ര എന്നീ സിനിമകളിലെ അഭിനയ സാധ്യത ഏറെയുള്ള കഥാപാത്രങ്ങളെ ഗംഭീരമാക്കിയ മമ്മൂട്ടി ഒരു തട്ടുപൊളിപ്പൻ കഥാപാത്രമായി നിറഞ്ഞാടുമ്പോൾ നടൻ എന്ന നിലയിലും താരം എന്ന നിലയിലും തന്റെ സ്ഥാനം ഒരിക്കൽ കൂടി അരക്കിട്ടുറപ്പിക്കുന്ന കാഴ്ചയ്ക്കാണ് 2019 സാക്ഷ്യം വഹിക്കുന്നത്
387 - 387Shares