രണ്ടാമൂഴം സിനിമയാക്കുന്നതില്‍ നിന്ന് പിന്‍മാറുന്നുവെന്ന വാര്‍ത്തകള്‍ എ.ടി വാസുദേവന്‍ സ്ഥിരീകരിച്ചു. പിന്‍മാറിയത് സംവിധായകന്‍ കരാര്‍ ലംഘിച്ചതിനാലെന്ന് എംടി. മൂന്നുവര്‍ഷത്തിനകം തിരക്കഥ സിനിമയാക്കണമെന്നായിരുന്നു കരാര്‍. എന്നാൽ നാലുവര്‍ഷമായിട്ടും തുടങ്ങിയിട്ടില്ല.സംവിധായകനുമായി വഴക്കിട്ട് പിന്മാറിയതല്ലെന്നും മറ്റാരെങ്കിലും സമീപിച്ചാല്‍ തിരക്കഥ നല്‍കുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംവിധായകന്‍ വി.എ. ശ്രീകുമാർ മേനോനുമായുള്ള കരാ‍ര്‍ അവസാനിച്ചെന്നും തിരക്കഥ തിരികെ കിട്ടണമെന്നും ആവശ്യപെട്ട് എം.ടി കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ നൽികിയ ഹർജി ഇന്ന് ഉച്ച കഴിഞ്ഞ് കോടതി പരിഗണിക്കും.അതേ സമയം രണ്ടാമൂഴം നടക്കുമെന്ന് ചിത്രത്തിന്റെ സംവിധായകൻ ശ്രീകുമാർ മേനോൻ പറഞ്ഞു. ആശയ വിനിമയത്തിൽ വന്ന പ്രശ്നങ്ങൾ ആണ് ഇതെന്നും എം.ടി യെ കണ്ട് കാര്യങ്ങൾ വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാമൂഴം സിനിമയാക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് നിർമാതാവ് ബി.ആർ ഷെട്ടിയും പറഞ്ഞു.