പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭം എന്ന നിലയിലും മോഹൻലാൽ, മഞ്ജു വാര്യർ, വിവേക് ഒബ്‌റോയ്‌ തുടങ്ങിയ വൻ താര നിരയുടെ സാന്നിധ്യം കൊണ്ടും ഏറെ പ്രതീക്ഷകൾ ഉയർത്തിയ ചിത്രമാണ് ലൂസിഫർ. വൻ ഹൈപ്പ് സൃഷ്ടിക്കാതെ കൃത്യമായി പ്ലാൻ ചെയ്ത പ്രൊമോഷനോട് കൂടിയാണ് ചിത്രം തിയ്യേറ്ററുകളിൽ എത്തിയത്. നിരവധി രാഷ്ട്രീയക്കാർ കഥാപാത്രങ്ങളായി വരുന്നുണ്ടെങ്കിലും രാഷ്ട്രീയ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ ഒരു സിനിമ അല്ല ലൂസിഫർ.കേരള രാഷ്ട്രീയത്തിലെ വന്മരങ്ങളിൽ ഒന്നായ പി.കെ. രാംദാസിന്റെ മരണവും, തുടര്‍ന്ന് അധികാരം പിടിക്കാനായി പിന്മുറക്കാർ ഒരുക്കുന്ന തന്ത്രങ്ങളിലൂടെയുമാണ് ലൂസിഫറിന്റെ കഥ വികസിക്കുന്നത്.മുരളിഗോപിയുടെ കെട്ടുറപ്പുള്ള തിരക്കഥയും പ്രിത്വിരാജിന്റെ കയ്യടക്കത്തോടെയുള്ള സംവിധാനവും ലൂസിഫറിന്റെ പ്രത്യേകതകളാണ്. ഒരിക്കലും മടുക്കാത്ത മോഹൻലാലിന്റെ മാസ്സ് മാനറിസങ്ങൾ സ്റ്റീഫൻ നെടുമ്പള്ളിയിലൂടെ വീണ്ടും വെള്ളിത്തിരയിൽ എത്തുമ്പോൾ മഞ്ജു വാര്യർ, വിവേക് ഒബ്‌റോയ്‌, ടോവിനോ, ഇന്ദ്രജിത്ത്, തുടങ്ങിയവരും തങ്ങളുടെ കഥാപാത്രങ്ങൾ ഗംഭീരമാക്കി.

രണ്ടാം പകുതിയിലെ ചില രംഗങ്ങൾ അടക്കം വലിച്ചു നീട്ടൽ അനുഭവപ്പെടുന്നത് കല്ലുകടിയാകുന്നു. എല്ലാ കഥാപാത്രങ്ങളും അർഹിക്കുന്ന പ്രാധാന്യത്തോടെ അവതരിപ്പിക്കപ്പെട്ടപ്പോൾ പൃഥ്വിയുടെ കഥാപാത്രത്തിന് അനാവശ്യ പ്രാധാന്യം നൽകിയതായി തോന്നി. സുജിത് വാസുദേവിന്റെ ഛായാഗ്രഹണം സിനിമയ്ക്ക് ഏറെ മുതൽക്കൂട്ടായി എന്ന് പറയാം. ദീപക് ദേവിന്റെ സംഗീതം ശരാശരി നിലവാരം പുലർത്തുന്നു. മോഹൻലാലിനെ താൻ എങ്ങനെ സ്‌ക്രീനിൽ കാണാൻ ആഗ്രഹിച്ചോ, അതുപോലെയാണ് ലൂസിഫറിൽ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് പൃഥ്വി മുൻപ്‌ സൂചിപ്പിച്ചത്.

തന്റെ മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു പക്കാ മാസ്സ് മസാല ചിത്രം ഒരുക്കാനുള്ള ശ്രമമാണ് മുരളി ഗോപിയുടേത്. അതിൽ വലിയൊരളവു വരെ മുരളി ഗോപിയും വിജയിച്ചിരിക്കുന്നു. നായക സങ്കൽപ്പങ്ങളുടെ പൂർണത എന്ന ലേബലിൽ വരെ ആഘോഷിക്കപ്പെട്ട മോഹൻലാൽ സിനിമകളുടെ തുടർച്ചയായി ഒരു സിനിമ – അതാണ് ലൂസിഫർ. മലയാളത്തിന് കഴിവുറ്റ ഒരു സംവിധായകനെ സമ്മാനിക്കുകകൂടി ചെയുന്നു ലൂസിഫർ.മോഹൻലാൽ ആരാധകർക്ക് ആവേശത്തോടെ കണ്ടിറങ്ങാവുന്ന ലൂസിഫർ, മാസ്സ് മസാല സിനിമകൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകരേയും നിരാശരാക്കില്ല

 

Spread the love
 • 15
 •  
 •  
 •  
 •  
 •  
 •  
  15
  Shares