മലയാളത്തിലെ വാണിജ്യ സിനിമകളുടെ ചരിത്രത്തിലെ നാഴികക്കല്ലുകൾ എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രങ്ങൾ ഒരുക്കിയ സംവിധായക ജോഡിയാണ്‌ സിദ്ദിഖ് ലാൽ . ഈ കൂട്ടുകെട്ടിൽ നിന്ന് പിറന്ന, പതിറ്റാണ്ടുകൾക്കിപ്പുറവും പ്രേക്ഷകമനസ്സിൽ നിറഞ്ഞു നിൽക്കുന്ന സിനിമകളും കഥാപാത്രങ്ങളും വാണിജ്യ സിനിമകൾ ഒരുക്കുന്ന എഴുത്തുകാർക്കും സംവിധായകർക്കും ഇന്നും ടെക്സ്റ്റ് ബുക്കുകളാണ്. റാംജിറാവും ഇൻ ഹരിഹർ നഗറും ഗോഡ് ഫാദറുമടക്കമുള്ള ചിത്രങ്ങളിലെ എവർഗ്രീൻ കോമഡികൾ പുതുതലമുറയ്‌ക്കും ഏറെ പ്രിയപ്പെട്ടവ തന്നെ. തലമുറ ഭേദമന്യേസിനിമാ ആസ്വാദകരെ രസിപ്പിക്കുന്ന തിരക്കഥകൾ രചിച്ച ലാൽ, തന്നെ ഏറെ ചിരിപ്പിച്ച ഒരു തിരക്കഥ ആദ്യമായി വായിച്ച അനുഭവം അടുത്തിടെ പങ്കുവെച്ചു. മമ്മൂട്ടി നായകനായ മാർട്ടിൻ പ്രക്കാട്ട് ചിത്രം ബെസ്റ്റ് ആക്ടറിന്റെ തിരക്കഥ ആദ്യമായി വായിച്ച അനുഭവം തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രന്റെ സാന്നിധ്യത്തിലാണ് അദ്ദേഹം സദസ്സിനോട് പങ്കുവെച്ചത്. തന്നെ ഏറെ ചിരിപ്പിച്ച തിരക്കഥ ആയിരുന്നു ബെസ്റ്റ് ആക്ടറിന്റെതെന്നും ഭാര്യക്കൊപ്പമാണ് അത് വായിച്ചതെന്നും ലാൽ പറഞ്ഞു. ഇടയ്ക്ക് ചിരി സഹിക്കാതെ വായന നിർത്തി, വീണ്ടും വായിക്കണ്ട വന്നതായും ലാൽ കൂട്ടിച്ചേർത്തു.

തിരക്കഥാകൃത്ത്, സംഭാഷണ രചയിതാവ് എന്നീ നിലകളിൽ മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായ ബിപിൻ ചന്ദ്രന്റെ സിനിമാസംബന്ധിയായ കുറിപ്പുകളുടെ സമാഹാരം ‘ഇരട്ട ചങ്ക്’ പ്രകാശനം ചെയ്ത ചടങ്ങിലാണ് ലാൽ ബെസ്റ്റ് ആക്ടറിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചത്. ബിപിൻ ചന്ദ്രൻ രചിച്ച ‘ഓർമ്മയുണ്ടോ ഈ മുഖം’ (ഡി.സി.ബുക്സ്) തന്നിലെ വായനയെ തിരികെ കൊണ്ട് വന്ന പുസ്തകമാണെന്നും ലാൽ പറഞ്ഞു.എറണാകുളം മറൈൻഡ്രൈവിൽ നടന്ന കൃതി അന്താരാഷ്ട്ര പുസ്തകോൽസവത്തിൽ ലാൽ, ലാൽ ജൂനിയറിന് ആദ്യപ്രതി നൽകിയാണ്‌ ‘ഇരട്ട ചങ്ക്’ പ്രകാശനം ചെയ്തത്. പ്രിയ എ.എസ് , എസ്.ഹരീഷ്, അലക്‌സാണ്ടർ പ്രശാന്ത്, സിജോയ് വർഗീസ്, മാർത്താണ്ഡൻ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പുസ്തക പ്രകാശനം സംഘടിപ്പിക്കപ്പെട്ടത്. മഹാരാജാസ് കോളേജിലെ സഹപാഠികളടക്കം ബിപിൻ ചന്ദ്രന്റെ നിരവധി സുഹൃത്തുക്കളും ചടങ്ങിനെത്തിയിരുന്നു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •