ഇക്കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മോഹൻലാലും മഞ്ജുവാര്യരും തങ്ങളെ അവാർഡിന് പരിഗണിക്കേണ്ട എന്ന് ജൂറിക്ക് എഴുതിക്കൊടുത്തതായ വാർത്ത തെറ്റാണെന്നും ഇത്തരമൊരു കത്ത് അവാർഡ് ജൂറിക്ക് മുൻപാകെ ലഭിച്ചിട്ടില്ല എന്ന് ജൂറി അംഗമായ സംവിധായകൻ ഷെറി ഗോവിന്ദൻ പറഞ്ഞു.ദിലീപും അവസാന റൗണ്ടിൽ ഇല്ലായിരുന്നു.

 

ഷെറി ‘മലയാള സിനിമാ ലൈവി’നോട് പങ്കുവെച്ച വിവരങ്ങളുടെ ചുരുക്കം ചുവടെ

“മോഹൻലാലും മഞ്ജു വാര്യരും മികച്ച അഭിനേതാക്കളുടെ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടിരിരുന്നില്ല. ഇരുവരും പറഞ്ഞത് കൊണ്ട് അവരെ മാറ്റി നിർത്തി എന്നത് പത്ര വാർത്ത മാത്രമാണ്.അങ്ങനെ ഒരു ആവശ്യവും ജൂറിയ്ക്കു മുന്നിൽ വന്നിട്ടില്ല . ഇരുവരുടെയും ചിത്രങ്ങൾ മികച്ച അഭിനേതാക്കൾക്ക് വേണ്ടി ഷോർട്ട് ലിസ്റ്റ് ചെയ്തവയിൽ ഇല്ലായിരുന്നു . മഞ്ജു വാര്യരുടെ ആമി എത്തിയത് മറ്റ് വിഭാഗത്തിലാണ് .ദിലീപും അവസാന റൗണ്ടിൽ ഇല്ലായിരുന്നു. ദിലീപിനെ അവാർഡ് നിർണയത്തിൽ പരിഗണിക്കരുത് എന്ന നിർദേശവും ഒരു ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല

ആദ്യം മാതൃഭൂമി, പിന്നെ ഓൺലൈൻ മീഡിയ

മാത്രഭൂമി ഓൺലൈൻ ആണ് ഇത്തരം ഒരു വാർത്ത ആദ്യം പുറത്തുവിട്ടത്. പിന്നീടത് മറ്റു ഓൺലൈൻ മീഡിയകൾ ഏറ്റെടുക്കുകയായിരുന്നു. ഇതുസംബന്ധമായി പിന്നീട് ഫാൻസുകാർ തമ്മിൽ സോഷ്യൽ മീഡിയയിൽ ഏറ്റുമുട്ടുകയും ട്രോളുകൾ നിറയുകയും ചെയ്തിരുന്നു . ഈ വാർത്തയുടെ നിജസ്ഥിതി അറിയാൻ മാതൃഭൂമിയുമായി ബന്ധപ്പെട്ടെങ്കിലും അവർക്കും വ്യക്തമായ മറുപടി ഇല്ലായിരുന്നു.

 

കോടി ക്ലബുകളുടെ വ്യാജ വാർത്തകൾക്ക് ശേഷം അവാർഡുകൾക്കും വ്യാജ പ്രചരണം

സിനിമയുടെ കളക്ഷനുകൾ സംബന്ധിച്ച് വ്യാജ വാർത്തകൾ വരുന്നതിനെക്കുറിച്ചുള്ള പ്രതികരണങ്ങൾ അടുത്തിടെ ചലച്ചിത്ര മേഖലയിൽ ഉള്ളവരിൽ നിന്ന് തന്നെ ഉയർന്നിരുന്നു. അവാർഡ് സംബന്ധിച്ചും ഇത്തരം വ്യാജ വാർത്തകൾ എങ്ങനെ സൃഷ്ട്ടിക്കപ്പെടുന്നു എന്നതും ചർച്ചയാകേണ്ടതാണ്. സിനിമാ പ്രേമികളിൽ നിന്നും ആരാധകരിൽ നിന്നും ഈ വിഷയത്തിൽ വ്യത്യസ്ത അഭിപ്രായപ്രകടനങ്ങളാണ് ഉണ്ടാകുന്നത്. മോഹൻലാൽ എന്ന നടന്റെ മുൻകാല ചിത്രങ്ങൾ വച്ചുനോക്കുമ്പോൾ ഒടിയനിലേത് ശരാശരിയിൽ ഒതുങ്ങുന്ന അഭിനയമാണ് എന്നും അവാർഡ് അർഹതയുള്ളവർക്കു തന്നെയാണ് ലഭിച്ചത് എന്നും  ഒരു വലിയ വിഭാഗം അഭിപ്രായപ്പെട്ടു

അവാർഡുകൾക്ക് പരിഗണിക്കേണ്ട എന്ന് ജൂറിയോട് അഭ്യർത്ഥിച്ച യേശുദാസ്

തന്നെ സംസ്ഥാന തലത്തിൽ മികച്ച ഗായകനുള്ള അവാർഡിന് പരിഗണിക്കണ്ട എന്ന് മുൻപ് അഭ്യർത്ഥിച്ച വ്യക്തിയാണ് ഗായകൻ യേശുദാസ്. തുടർച്ചയായി നിരവധി തവണ മികച്ച ഗായകനുള്ള അവാർഡ് അദ്ദേഹത്തിന് ലഭിച്ചിരുന്ന. 25 തവണയാണ് അദ്ദേഹത്തിന് മികച്ച ഗായകനുള്ള കേരള സംസ്ഥാന പുരസ്ക്കാരം ലഭിച്ചത്

Spread the love
  •  
  •  
  •  
  •  
  •  
  •  
  •