ചരിത്ര കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിക്കുന്ന പതിവ് മലയാള സിനിമയുടെ ആദ്യ കാലഘട്ടങ്ങൾ മുതലുള്ളതാണ്. നമ്മുടെ നായക നടന്മാർ ഇത്തരം കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയതിന് നിരവധി ഉദാഹരണങ്ങളുമുണ്ട്. യുവ തലമുറയിലെ ഏറ്റവും ശ്രദ്ധേയനായ നായകന്മാരിൽ ഒരാളായ നിവിൻ പോളി ആദ്യമായി ഒരു ചരിത്ര  കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കായംകുളം കൊച്ചുണ്ണി’ ക്ക് മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമ എന്ന പ്രത്യേകതയുമുണ്ട്. ബോബി സഞ്ജയ് തിരക്കഥ രചിച്ച ചിത്രം റോഷന്‍ ആന്‍ഡ്രൂസാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചരിത്ര കഥകളുടെ ചലച്ചിത്രാഖ്യാനങ്ങളിൽ പലപ്പോഴും സംഭവിക്കാറുള്ളത് പോലെ കേട്ട് പരിചയിച്ച കൊച്ചുണ്ണിക്കഥയിൽ ചില്ലറ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട് തിരക്കഥാകൃത്തുക്കൾ. കൊച്ചുണ്ണിയുടെ ജീവിത പ്രാരാബ്ധങ്ങൾ നിറഞ്ഞ യൗവ്വനവും പ്രണയവും മറ്റും മുൻപ് പരിചിതമായിരുന്നവയല്ല. എന്നാൽ ഇത്തരം കൂട്ടിച്ചേർക്കലുകൾ സമർത്ഥമായി തന്നെ തിരക്കഥയിൽ സന്നിവേശിപ്പിച്ചിക്കുന്നതിൽ ബോബി സഞ്ജയ് കൂട്ടുകെട്ട് വലിയൊരളവുവരെ വിജയിച്ചിരിക്കുന്നു. എന്നാൽ ആദ്യ പകുതിയുടെ ചില ഭാഗങ്ങളിൽ  ഏച്ചുകെട്ടലുകൾ നിഴലിക്കുന്നുമുണ്ട്.ഒരു ചരിത്ര കഥ, ഇന്നത്തെ കാലഘട്ടത്തിൽ വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നതിൽ തിരക്കഥാകൃത്തുക്കൾ വിജയിച്ചിട്ടുണ്ട്. റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാന മികവും പ്രശംസനീയം തന്നെ. നൂറു കണക്കിന് കഥാപാത്രങ്ങൾ ഫ്രയിമിൽ എത്തുന്ന രംഗങ്ങളും സംഘട്ടന രംഗങ്ങളും മറ്റും ഒരു ഇരുത്തം വന്ന സംവിധായകന്റെ കയ്യടക്കത്തോടെ അവതരിപ്പിക്കുവാൻ അദ്ദേഹത്തിനായി 

ഇത്തരം സിനിമകളുടെ വിജയത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഭിനേതാക്കളുടെ പ്രകടനത്തിന് ഏറെ പ്രാധാന്യമുണ്ട്. കായംകുളം കൊച്ചുണ്ണി ആയി വേഷമിട്ട നിവിൻ പോളിയ്ക്ക് കഥാപാത്രത്തോട് നീതിപുലർത്താൻ കഴിയുന്നില്ല എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോരായ്മ. നിരവധി വൈകാരിക മുഹൂർത്തങ്ങളിലൂടെ കടന്നു പോകുന്ന കഥാപാത്രത്തെ ഉൾക്കൊള്ളാനും തന്മയത്വത്തോടെ അവതരിപ്പിക്കുവാനും നടൻ എന്ന നിലയിൽ നിവിൻ പോളിക്ക് സാധിച്ചിട്ടില്ല. സംഘട്ടന രംഗങ്ങളും പ്രണയ രംഗങ്ങളും ഒഴിച്ചാൽ അദ്ദേഹത്തിന്റെ പ്രകടനം ശരാശരിക്ക് താഴെയാണ്. തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുക എന്ന പ്രയോഗം ഓർമപ്പെടുത്തുന്നു പലപ്പോഴും നിവിന്റെ പ്രകടനം. ഇത്തിക്കര പക്കിയായി അതിഥി വേഷത്തിൽ മോഹൻലാലുമുണ്ട് ചിത്രത്തിൽ. മോഹൻലാൽ പക്കിയായി തകർത്തഭിനയിച്ചിട്ടുണ്ട്. സിനിമയിലെ ഏറ്റവും ആസ്വാദ്യകരമായ ഭാഗങ്ങൾ മോഹൻലാൽ സ്‌ക്രീനിലെത്തുന്ന രംഗങ്ങൾ തന്നെ. ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നീണ്ട തറ നിരയുണ്ട്‌ കായംകുളം കൊച്ചുണ്ണിയിൽ. മിക്കവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തുന്ന പ്രകടനം കാഴ്ച്ചവെച്ചിട്ടുണ്ട്.

                         സാങ്കേതികമായി കായംകുളം കൊച്ചുണ്ണി ഏറെ മുന്നിലാണ്. ഛായാഗ്രഹണവും എഡിററിംഗും ഏറെ മികച്ചു നിന്നു. ഗോപി സുന്ദറിന്റെ സംഗീതവും സിനിമയ്ക്ക് മാറ്റ് കൂട്ടുന്നു. തിരക്കഥയുടേയും സംവിധാനത്തിന്റെയും മികവും സാങ്കേതിക പിന്തുണയും കൊണ്ട് കായംകുളം കൊച്ചുണ്ണി ഒരു മികച്ച ചലച്ചിത്രാനുഭവം സമ്മാനിക്കേണ്ട ചിത്രമായിരുന്നു. എന്നാൽ സിനിമയുടെ നട്ടെല്ലായ നായക കഥാപാത്രത്തെ കുറച്ചുകൂടെ പക്വതയോടെ അവതരിപ്പിക്കാൻ ഇരുത്തം വന്ന ഒരു നടന്റെ സാന്നിധ്യം ഇല്ലാതെപോയതാണ് സിനിമയെ ഏറെ പ്രതികൂലമായി ബാധിച്ചത്.അതുകൊണ്ട് തന്നെ മലയാള സിനിമ കണ്ട മികച്ച ചരിത്ര സിനിമകളുടെ ഗണത്തിൽ പെടുത്തുവാൻ സാധിക്കാത്ത ഒരു ശരാശരി ചിത്രമായി മാത്രം മാറുന്നു ‘കായംകുളം കൊച്ചുണ്ണി’