# സരീഷ് സത്യപാലൻ

അതിജീവനത്തിന്റെ വർത്തമാനകാലം സൃഷ്ടിക്കുന്ന ആകുലതകൾക്കിടയിൽ മനുഷ്യന് കലകൾ നൽകുന്ന പിന്തുണ ചെറുതല്ല. ചിരിപ്പിച്ചും ചിന്തിപ്പിച്ചും സങ്കടപ്പെടുത്തിയുമൊക്കെ വിവിധ കലാരൂപങ്ങൾ ഈ കെട്ടകാലത്ത് മനുഷ്യന് ആശ്വാസത്തിന്റെ ചെറുതിരികൾ സമ്മാനിച്ചു. നമ്മുടെ കാലത്തെ ഏറ്റവും ജനകീയമായ മാധ്യമം എന്ന നിലയിൽ സിനിമയും അതിന്റെ ധർമം നിർവഹിക്കുന്നു. ഓ.ടി.ടി പ്ലാറ്റ്‌ഫോമുകളിൽ എത്തിയവയും തീയേറ്റർ റിലീസുകൾ ആയവയുമടക്കം പ്രേക്ഷകർക്ക് മുന്നിലെത്തിയ ചിത്രങ്ങളിൽ പലതും അവരെ ആഹ്ളാദിപ്പിച്ചു. ലോക്ഡൗൺ കാലത്ത് വിദേശ സിനിമകളടക്കം കൂടുതലായി കാണാൻ അവസരം ലഭിച്ചപ്പോൾ ഒരു വലിയ വിഭാഗം പ്രേക്ഷകരുടെ ആസ്വാദന നിലവാരത്തെ അത് ഗുണപരമായി സ്വാധീനിച്ചു എന്ന വിലയിരുത്തലുകളുമുണ്ട്. അടുത്തിടെ വെള്ളിത്തിരയിലെത്തിയ ശ്രദ്ധേയങ്ങളായ സിനിമകളുടെ മുൻനിരയിലാണ് ‘കള’. ഭയവും ആകാംക്ഷയും പ്രതികാരവും ഒക്കെ വേറിട്ട രീതിയിൽ അവതരിപ്പിച്ച സിനിമ അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലിസ് എന്നീ ചിത്രങ്ങള്‍ക്കുശേഷം രോഹിത് വി.എസ് സംവിധാനം ചെയ്തതാണ്.ത്രില്ലര്‍ മൂഡിൽ കഥ പറയുന്ന സിനിമ മലയാളി സിനിമ പ്രേക്ഷകർക്ക് ഏറെ വ്യത്യസ്തമായ കാഴ്ചാനുഭവമാണ് സമ്മാനിച്ചത്. യദു പുഷ്പകരനും, രോഹിത് വി.എസും ചേർന്ന് തിരക്കഥ രചിച്ച സിനിമയ്ക്ക് ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റാനുമായി.


മനുഷ്യനും മൃഗവും തമ്മിലുള്ള വൈകാരിക ബന്ധത്തെ ഷാജി എന്ന കഥാപാത്രത്തിലൂടെ, അയാളുടെ ജീവിത പരിസരങ്ങളിലൂടെ അവതരിപ്പിച്ച ‘കള’ സാങ്കേതിക മേഖലകളിലും ഏറെ മികച്ചു നിന്നു. ടോവിനോ,ലാല്‍,ദിവ്യ പിള്ള, മൂര്‍ തുടങ്ങിയവരുടെ മികച്ച പ്രകടനങ്ങളും സിനിമയുടെ ഹൈലൈറ്റുകളായി.ഛായാഗ്രഹണം നിർവഹിച്ച അഖില്‍ ജോര്‍ജ്, എഡിറ്റര്‍ ചമന്‍ ചാക്കോ, ശബ്ദസംവിധാനം കൈകാര്യം ചെയ്ത ഡോണ്‍ വിന്‍സെന്റ് തുടങ്ങിയവരൊക്കെ തങ്ങളുടെ മികവ് കൃത്യമായി അടയാളപ്പെടുത്തിയെന്നാണ് ഈ സിനിമ വിശകലനം ചെയ്ത സിനിമാ പ്രേമികൾ വിലയിരുത്തിയത്. പ്രേക്ഷകരെ നിരന്തരമായി പിടിച്ചിരുത്തുന്ന ത്രില്ലിങ്ങ് അനുഭവം സമ്മാനിക്കുന്ന ഒരു ചിത്രമെന്നാണ് സംവിധായകൻ രോഹിത് റിലീസിന് മുൻപ് കളയെ വിശേഷിപ്പിച്ചത്. അത് പൂർണമായും ശരിവെക്കുന്ന അഭിപ്രായമാണ് സിനിമയ്ക്ക് ലഭിച്ചത്. മലയാള സിനിമയ്ക്ക് ഇനിയുമേറെ മികച്ച സൃഷ്ടിക്കാൻ കെൽപ്പുള്ള സംവിധായകനാണ് താനെന്ന് രോഹിത് തെളിയിച്ചിരിക്കുന്നു. യദു പുഷ്പകരൻ എന്ന നവാഗത എഴുത്തുകാരന്റെ പ്രതിഭയ്ക്ക് പ്രേക്ഷകരും നിരൂപകരും കയ്യടിക്കുമ്പോൾ സിനിമാ പ്രേമികൾക്ക് ‘കള’ പോലെയുള്ള ചിത്രങ്ങൾ വലിയ പ്രതീക്ഷകളാണ് സമ്മാനിക്കുന്നത്. വെള്ളിത്തിരയിൽനിന്ന് ഓ.ടി.ടി പ്ലാറ്റ്ഫോമിലേക്ക് എത്തുമ്പോൾ ‘കള’ ഇനിയുമേറെ ചർച്ചകൾക്കും വിശകലനങ്ങൾക്കും വിധേയമാകുമെന്നുറപ്പ്. മലയാള സിനിമയുടെ വളർച്ചയിലെ കൃത്യമായ അടയാളപ്പെടുത്തലുകൾ തന്നെയാണ് ഇത്തരം ചിത്രങ്ങൾ.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •