പതിനഞ്ചു വർഷത്തോളം ജൂനിയർ ആർട്ടിസ്റ്റായി സിനിമയിൽ തുടരുക, പിന്നീട് ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടുക, നിർമ്മാതാവായും തിളങ്ങുക, സ്വന്തമായി നിർമിച്ച സിനിമയിലെ കേന്ദ്ര കഥാപാത്രത്തിലൂടെ മികച്ച നടനുള്ള പുരസ്ക്കാരം നേടുക. സ്ഥിരോത്സാഹവും ആത്മാർഥമായ പരിശ്രമങ്ങളും കൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച ജോജുവിന്റെ സിനിമാ ജീവിതം ഈ മേഖലയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് മാതൃക കൂടിയാണ്. ‘വനിത’യ്ക്കു നൽകിയ അഭിമുഖത്തിൽ തന്റെ ഇതുവരെയുള്ള സിനിമാ ജീവിതത്തെക്കുറിച്ച് ജോജു മനസ്സ് തുറന്നു.

 

ജീവിതത്തിലെ ചില മറക്കാനാകാത്ത സംഭവങ്ങളെക്കുറിച്ചും പരാമർശിക്കുന്ന അഭിമുഖത്തിൽ തന്റെ മരണത്തെ മുന്നിൽ കണ്ട അനുഭവവും ജോജു പങ്കുവെച്ചു. ജോജുവിന്റെ വാക്കുകൾ – “പതിനഞ്ചു വര്‍ഷം മുന്‍പാണ്. എനിക്കൊരു സര്‍ജറി വേണ്ടി വന്നു. അഞ്ചര മണിക്കൂറോളം നീണ്ട മേജര്‍ സര്‍ജറിക്കായി ഓപ്പറേഷന്‍ തിയറ്ററിലേക്കു കൊണ്ടുപോകുന്നതു വരെ ഓർമയുണ്ട്. അതിനു ശേഷം നടന്നതൊക്കെ സിനിമ പോലെയാണ്. സര്‍ജറിക്കിടെ എപ്പോഴോ ഞാനെന്നിൽ നിന്നു പുറത്തുവന്നു.നോക്കുമ്പോള്‍ ഓപ്പറേഷന്‍ ടേബിളില്‍ എന്റെ ശരീരമിങ്ങനെ കണ്ണുകള്‍ തുറിച്ച്, വായ തുറന്നു കിടക്കുകയാണ്. ഒരു നഴ്സ് അടുത്തു നിന്നു കരയുന്നു. ഡോക്ടര്‍മാര്‍ വെപ്രാളപ്പെട്ട് എന്തോക്കെയോ ചെയ്യുന്നുണ്ട്. അതിനിടെ, അത്ര കാലത്തെ ജീവിതം മുഴുവന്‍ ഒരു സ്ക്രീനിലെന്ന പോലെ മുന്നില്‍ തെളിയാന്‍ തുടങ്ങി. പെട്ടെന്ന് ആരോ അടുത്ത് നിന്ന് സംസാരിക്കുന്നതു പോലെ ഒരു തോന്നൽ . രൂപമില്ല, ശബ്ദം മാത്രം. അത് മരണത്തിന്റെയോ അതോ ദൈവത്തിന്റെയോ എന്നൊന്നുമറിയില്ല. കയ്യും കാലുമൊക്കെ അനക്കാന്‍ പറയുകയാണ്. ശ്രമിക്കണമെന്നുണ്ട്, പക്ഷേ കഴിയുന്നില്ല . എനിക്കു കരച്ചില്‍ വന്നു. എല്ലാം സെക്കന്‍ഡുകള്‍ക്കുള്ളില്‍ കഴിഞ്ഞു.അടുത്ത ദിവസം ഡോക്ടര്‍മാര്‍ പറഞ്ഞത് ഇതു നിന്റെ രണ്ടാം ജന്മമാണെന്നാണ്. ഓപ്പറേഷനിടെ ഹൃദയം കുറച്ചു നേരത്തേക്ക് നിന്നു പോയത്രേ. അപ്പോഴാണ് ഞാന്‍ കണ്ടതൊന്നും സ്വപ്നമല്ലെന്ന് എനിക്ക് പൂർണ ബോധ്യം വന്നത്”

Spread the love
  •  
  •  
  •  
  •  
  •  
  •  
  •