മലയാളത്തിലെ ഫാമിലി ത്രില്ലർ സിനിമകളുടെ ഗണത്തിൽ സവിശേഷ സ്ഥാനം അലങ്കരിക്കുന്ന ‘ദൃശ്യം’ അടുത്തകാലത്ത് അന്യ ഭാഷകളിൽ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട മലയാള ചിത്രം കൂടിയാണ്.അതുകൊണ്ട് തന്നെ ദൃശ്യത്തിന്റെ തുടർച്ച കേരളത്തിന് പുറത്തുള്ള പ്രേക്ഷകരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒന്നാണ്. കൊറോണക്കാലത്തെ പ്രതിസന്ധികൾ കടന്ന് സിനിമയുടെ വെള്ളിവെളിച്ചം വീണ്ടും തെളിഞ്ഞപ്പോൾ പ്രേക്ഷക സമക്ഷം ആദ്യമെത്തിയ സൂപ്പർ താര സിനിമ കൂടിയാണ് ജിത്തു ജോസഫിന്റെ ദൃശ്യം-2. വൻ വിജയങ്ങളായ സിനിമകളുടെ തുടർച്ച എക്കാലത്തും ചലച്ചിത്രകാരന്മാർക്ക് വെല്ലുവിളി ഉയർത്തുന്നവയാണ്. തന്റെ പ്രിയപ്പെട്ടവർക്ക് അപ്രതീക്ഷിതമായി നേരിടേണ്ടി വരുന്ന ഒരു ആഘാതം ജോർജ്‌കുട്ടി എന്ന സാധാരണക്കാരനായ ഒരു കുടുംബനാഥൻ എങ്ങനെ സമർഥമായി നേരിടുന്നു എന്നതായിരുന്നു ദൃശ്യത്തിന്റെ പ്രമേയം. ഒരിക്കലും പുറം ലോകം അറിയില്ല എന്നും തന്റെ കുടുംബത്തെ ഒരുതരത്തിലും ബാധിക്കില്ല എന്നും ജോർജ്‌കുട്ടി കരുതിയ രഹസ്യം. അയാളുടെ ആത്മവിശ്വാസത്തിന് ആറ് വർഷങ്ങൾക്ക് ശേഷം എന്ത് സംഭവിച്ചു എന്നതാണ് ദൃശ്യം-2 പറയുന്നത്.


തിരക്കഥ, സംഭാഷണം, സംവിധാനം

ദൃശ്യത്തിന്റെ ആദ്യ ഭാഗം അന്യ ഭാഷകളിലും നേടിയ സ്വീകാര്യത അടിവരയിടുന്ന ഒന്നുണ്ട്. കെട്ടുറപ്പുള്ള തിരക്കഥയാണ് ഒരു സിനിമയുടെ, പ്രത്യേകിച്ച് ഇത്തരം പ്രമേയങ്ങൾ കൈകാര്യം ചെയുന്ന ചിത്രങ്ങളുടെ നട്ടെല്ല് എന്നത്. പതിയ വേഗത്തിൽ തുടങ്ങി, സിനിമയിലേക്ക് പ്രേക്ഷകരെ വലിച്ചടുപ്പിക്കുന്ന, ഓരോ നിമിഷവും അവരുടെ മനസ്സുകളെ കഥാപാത്രങ്ങൾക്കൊപ്പം സഞ്ചരിപ്പിക്കുന്ന തിരക്കഥയായിരുന്നു ആദ്യ ഭാഗത്തിന്റേത്. ദൃശ്യം-2 വിലും സമാനമായ സമീപനം പുലർത്താൻ രചയിതാവ് ശ്രമിച്ചിട്ടുണ്ട്. എന്നാൽ ആദ്യ ഭാഗവുമായി താരതമ്യം ചെയ്തില്ലെങ്കിലും ദൃശ്യം-2 വിൽ തിരക്കഥയുടെ ഒഴുക്ക് പലയിടത്തും നഷ്ടപ്പെടുന്നു. ഏതൊരു സിനിമയുടെയും അവതരണം “മേക്ക് ബിലീവ്” ആണെന്ന യാഥാർഥ്യം അംഗീകരിക്കാമെങ്കിലും ദൃശ്യം-2 വിന്റെ കഥ പറച്ചിലിൽ പലപ്പോഴും കല്ലുകടികൾ അനുഭവപ്പെടുന്നു.എന്നാൽ സിനിമയുടെ അവസാന അര മണിക്കൂർ പ്രേക്ഷകരിൽ ആകാംക്ഷ സൃഷ്ടിക്കുന്നതിൽ വലിയ അളവുവരെ വിജയിച്ചിട്ടുമുണ്ട്. ആദ്യ ഭാഗത്തിൽ കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങൾ കൃത്യമായി പ്രേക്ഷകരിൽ എത്തിക്കാൻ കഴിഞ്ഞ കയ്യടക്കം പുലർത്താൻ സംഭാഷണ രചയിതാവ് എന്ന നിലയിൽ ജിത്തു ജോസഫിന് സാധിച്ചു. എന്നാൽ തുടർ ഭാഗത്തിലെ പല സംഭാഷണങ്ങളും അതീവ നാടകീയത നിറഞ്ഞതായി. ദൃശ്യത്തിൽ നിന്ന് ദൃശ്യം 2 വിൽ എത്തുമ്പോൾ ജിത്തു ജോസഫിന്റെ സംവിധാന മികവിനെ “എക്സ്ട്രാ ഓർഡിനറി” എന്ന് വിശേഷിപ്പിക്കാൻ കഴിയുന്നില്ല.

അഭിനേതാക്കളുടെ പ്രകടനവും സാങ്കേതിക വശങ്ങളും

ജോർജ് കുട്ടിയായി മോഹൻലാൽ വീണ്ടും എത്തിയപ്പോൾ കഥാപാത്രത്തിന്റെ സ്വാഭാവ രീതികളിൽ ആദ്യ ഭാഗത്തു നിന്ന് കാതലായ മാറ്റങ്ങൾ ഇല്ല. കേബിൾ ടി.വി ഓപ്പറേറ്ററിൽ നിന്ന് തീയേറ്റർ ഉടമയായി മാറുന്ന ജോർജ് കുട്ടി സിനിമയോടുള്ള പാഷൻ അവസാനിപ്പിക്കുന്നില്ല. അയാളുടെ സിനിമാ പ്രേമം ജീവിതത്തിലെ പ്രതിസന്ധികളെ മറികടക്കാൻ വീണ്ടും സഹായിക്കുന്നു. മദ്യപിച്ചുള്ള ചില രംഗങ്ങളിലടക്കം മലയാളി എക്കാലവും ഹൃദയത്തിൽ സൂക്ഷിക്കുന്ന മോഹൻലാൽ മാജിക് പ്രേക്ഷകന് ദൃശ്യമാക്കാൻ ഈ സിനിമയ്ക്ക് കഴിഞ്ഞു. എന്നാൽ വൈകാരിക രംഗങ്ങളിലെ പ്രകടനം ശരാശരി നിലവാരത്തിലായിരുന്നു. മീനയടക്കമുള്ള മറ്റു താരങ്ങൾ തങ്ങളുടെ വേഷങ്ങളോട് നീതി പുലർത്തിയപ്പോൾ സായി കുമാർ , മുരളി ഗോപി എന്നിവരുടെ പ്രകടനം എടുത്തു പറയേണ്ടതാണ്. നിരവധി പുതു മുഖങ്ങൾ സിനിമയിലുണ്ട്. പലരും തരക്കേടില്ലാത്ത അഭിനയം കാഴ്ചവെച്ചിട്ടുമുണ്ട്. പശ്ചാത്തല സംഗീതം സിനിമയുടെ മൂഡിനെ നന്നായി സപ്പോർട്ട് ചെയ്യുന്നു.

താരതമ്യമില്ലാതെ കണ്ടാൽ..

ആദ്യ ഭാഗവുമായി താരതമ്യം ചെയ്യാതെ കണ്ടാൽ ദൃശ്യം-2 തരക്കേടില്ലാത്ത ഒരു ചലച്ചിത്രാനുഭവം സമ്മാനിക്കും. തിരക്കഥയിലെ കെട്ടുറപ്പില്ലായ്മ, ലോക് ഡൗൺ കാലത്തെ പരിമിതമായ സാഹചര്യങ്ങളിലെ ചിത്രീകരണം തുടങ്ങിയ ഘടകങ്ങൾ പുതിയ ദൃശ്യത്തെ ഒരു ശരാശരി സിനിമാ അനുഭവമായി മാറ്റുന്നു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •