ടെക്നോ ഹൊറർ വിഭാഗത്തിൽ മലയാളത്തിൽ ആദ്യമെത്തുന്ന സിനിമ എന്ന പ്രത്യേകതയുമാണ് ചതുർമുഖം വെള്ളിത്തിരയിൽ എത്തിയത്. മഞ്ജു വാര്യരുടെ 25 വർഷം നീണ്ടു നിൽക്കുന്ന അഭിനയ ജീവിതത്തിലെ ആദ്യ ഹൊറർ ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ ചേർന്ന് രചന നിർവഹിച്ച സിനിമ രഞ്ജിത് കമല ശങ്കറും സലിൽ വിയും ചേർന്നാണ് സംവിധാനം ചെയ്തത്. ടെക്നോ ഹൊറർ വിഭാഗത്തിൽ മലയാളത്തിൽ ആദ്യമെത്തിയ സിനിമയായ ചതുർമുഖത്തിൽ ഒരു ‘സ്മാർട്ട് ഫോൺ’ സജീവ സാന്നിധ്യം ആകുന്നുമുണ്ട്. ഭയത്തിന്റെ മുഖ്യകാരണം ആധുനികശാസ്ത്രവും സാങ്കേതികതയും ആയി അവതരിപ്പിക്കപ്പെടുന്ന സിനിമകളാണ് ടെക്നോ ഹൊറർ വിഭാഗത്തിൽപ്പെടുന്നത്. ലോക സിനിമയിൽ. പ്രത്യേകിച്ച് ഹോളിവുഡ്, ജാപ്പനീസ് ചലച്ചിത്രകാരന്മാർ ഇത്തരം പ്രമേയങ്ങൾ സിനിമകളാക്കിയിട്ടുണ്ട്. തേജസ്വിനി (മഞ്ജു വാര്യർ), ആന്റണി (സണ്ണി വെയ്ൻ), ക്ലെമെന്റ് (അലൻസിയർ )എന്നീ കഥാപാത്രങ്ങളിലൂടെയാണ് ചതുർമുഖത്തിന്റെ കഥ സഞ്ചരിക്കുന്നത്. തേജസ്വിനിയും ആന്റണിയും ക്ലാസ്സ്മേറ്റ്സാണ് . ഇരുവരും തിരുവനന്തപുരത്ത് സിസിടിവി സെക്യൂരിറ്റി സൊല്യൂഷന്‍സുമായി ബന്ധപ്പെട്ട ബിസിനസ്സ് നടത്തുന്നു.റിട്ടയര്‍ഡ് കോളേജ് അധ്യാപകനായ ക്ലെമെന്റ് ഒരു പ്രത്യേക സാഹചര്യത്തിൽ തേജസ്വിനിയുടേയും ആന്റണിയുടേയും ജീവിതത്തിലേക്ക് കടന്നു വരുന്നു. തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചതുർമുഖത്തെ മുന്നോട്ട് നയിക്കുന്നത്. നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കാത്ത ഊർജ തരംഗങ്ങൾ മരണ ശേഷം മറ്റൊരു രൂപത്തിലേക്ക് മാറുന്നതും ആ ഊർജം മനുഷ്യന്റെ ജീവിത പരിസരങ്ങളിൽ ഇടപെടലുകൾ നടത്തുന്നതുമാണ് സിനിമയുടെ പ്രമേയം.

ഹൊറർ, ത്രില്ലർ സിനിമകളുടെ വിജയം പ്രധാനമായും ആശ്രയിച്ചിരിക്കുന്നത് ആദ്യാവസാനം പ്രേക്ഷകരിൽ ആകാംക്ഷ ജനിപ്പിക്കുന്ന തിരക്കഥയിലാണ്. തിരക്കഥ ഈ സിനിമയുടെ ഹൈലൈറ്റായി മാറുന്നത് അതിന്റെ കെട്ടുറപ്പുകൊണ്ടാണ്. സ്വാഭാവികവും അതേ സമയം ത്രില്ലിംഗ് മൂഡ് നിലനിർത്തുന്നതുമായ ഒഴുക്കുള്ള കഥപറച്ചിലാണ് സിനിമയുടേത്. രചയിതാക്കളായ അഭയകുമാർ ,അനിൽ കുര്യൻ എന്നിവർ ഏറെ അഭിനന്ദനം അർഹിക്കുന്നു. രഞ്ജിത് കമല ശങ്കറും സലിൽ വി യും തങ്ങളുടെ സംവിധാന മികവ് കൃത്യമായി അടയാളപ്പെടുത്തുന്ന സിനിമകൂടിയാണ് ചതുർമുഖം. സിനിമയ്ക്കൊപ്പം പ്രേക്ഷകരും സാങ്കേതികമായി വളർന്ന വർത്തമാനകാലത്ത് പുതുമ നിറഞ്ഞതും അതേ സമയം വെല്ലുവിളി ഉയർത്തുന്നതുമായ ഒരു പ്രമേയത്തെ തികഞ്ഞ കയ്യടക്കത്തോടെ വെള്ളിത്തിരയിൽ അവതരിപ്പിക്കുവാൻ ഈ സംവിധായക ജോഡികൾക്ക് സാധിച്ചിട്ടുണ്ട്. സാങ്കേതികമായും സിനിമ മികച്ചു നിൽക്കുന്നു. വിഷ്വല്‍ഗ്രാഫിക്‌സിന് സിനിമയിൽ വലിയ പ്രാധാന്യമുണ്ട് .ഛായാഗ്രഹണം നിർവഹിച്ച അഭിനന്ദ് രാമാനുജം, സംഗീത സംവിധാനവും, സൗണ്ടും കൈകാര്യം ചെയ്ത ഡോൺ വിൻസന്റ് എന്നിവർ സവിശേഷ പരാമർശം അർഹിക്കുന്നു. മനോജിന്റെ എഡിറ്റിങ്ങും എടുത്തു പറയേണ്ട ഘടകമാണ്.


വ്യത്യസ്ത വേഷപ്പകർച്ചകളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന മഞ്ജു വാര്യർ ചതുർമുഖത്തിലെ തേജസ്വിനിയായി മറ്റൊരു ഗംഭീര പ്രകടനം കാഴ്ചവെക്കുന്നു. കഥാപാത്രത്തിന്റെ സൂക്ഷ്മഭാവങ്ങളും ശരീരഭാഷയും സംഭാഷണ രീതികളുമെല്ലാം മഞ്ജു വാര്യർ തന്റെ സവിശേഷമായ അഭിനയ ശൈലിയിലൂടെ ഏറെ മികച്ചതാക്കി. ആക്ഷന്‍ സീക്വന്‍സുകളിലും മഞ്ജു കയ്യടി നേടുന്നു.ആന്റണിയായി സണ്ണി വെയ്ൻ പക്വമാർന്ന അഭിനയം കാഴ്ചവെക്കുന്നു. മലയാള സിനിമയ്ക്ക് ഇനിയുമേറെ സംഭാവന നൽകാൻ കെൽപ്പുള്ള നടനാണ് താനെന്ന് സണ്ണി വീണ്ടും
തെളിയിച്ചിരിക്കുന്നു.അലൻസിയാർ ക്ലെമെന്റ് എന്ന കഥാപാത്രമായി തിളങ്ങുമ്പോൾ നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, റോണി ഡേവിഡ്, , ഷാജു ശ്രീധര്‍, കലാഭവന്‍ പ്രജോദ് ,നവാസ് വള്ളിക്കുന്ന് തുടങ്ങിയ അഭിനേതാക്കൾ തങ്ങളുടെ കഥാപാത്രങ്ങളോട് പൂർണമായും നീതി പുലർത്തി. ചെറുതും വലുതുമായ വേഷങ്ങളിൽ എത്തിയ എല്ലാ അഭിനേതാക്കളുടേയും മികച്ച പ്രകടനം ചതുമുഖത്തിന്റെ എടുത്തു പറയണ്ട സവിശേഷതയാണ്.

ഹൊറർ,ത്രില്ലർ സിനിമകളുടെ പതിവ് രീതികളിൽ നിന്ന് മാറി സഞ്ചരിക്കുന്ന ചതുർമുഖം വ്യത്യസ്തവും ആസ്വാദ്യകരവുമായ ഒരു ചലച്ചിത്രാനുഭവം സമ്മാനിക്കുന്നു. മലയാള സിനിമയ്ക്ക് പരിചിതമല്ലാത്ത ആശയും പ്രമേയവും വിജയകരമായി അവതരിപ്പിച്ച രചയിതാക്കളും സംവിധായകരും സാങ്കേതിക പ്രവർത്തകരും തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. ഏതു ഭാഷയിലുമുള്ള ത്രില്ലിംഗ് മൂഡിലുള്ള ഹൊറർ സിനിമകൾ ആസ്വദിക്കുന്നവർക്ക് നിറഞ്ഞ മനസ്സോടെ കണ്ടിറങ്ങാവുന്ന ഒന്നാണ് ചതുർമുഖം. സാങ്കേതിക തികവോടെ അവതരിപ്പിക്കപ്പെട്ടിട്ടുള്ള ചതുർമുഖം തിയ്യേറ്റർ എക്സ് സ്‌പീരിയൻസ് ആവശ്യപ്പെടുന്ന സിനിമയാണ്.ആദ്യ സിനിമ കൊണ്ട് മലയാള സിനിമയ്ക്ക് ഏറെ പ്രതീക്ഷകൾ നൽകുന്ന സംവിധാന ജോഡികളായി മാറിയിരിക്കുകയാണ് രഞ്ജിത് കമല ശങ്കറും സലിൽ വിയും. മലയാളത്തിൽ വന്ന ഏറ്റവും മികച്ച ഹൊറർ ചിത്രങ്ങളുടെ പട്ടികയിൽ ചതുർമുഖത്തിന് സവിശേഷമായ സ്ഥാനമുണ്ട്.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •