കോവിഡ് സൃഷ്ട്ടിച്ച സമാനതകളില്ലാത്ത സാഹചര്യങ്ങൾ മലയാള സിനിമയ്ക്കും വളരെ വലിയ ആഘാതമാണുണ്ടാക്കിയത്. ഒ.ടി.ടി റിലീസുകളായെത്തിയ ‘സീ യു സൂൺ’, ‘ദൃശ്യം-2’ തുടങ്ങിയ സിനിമകൾ ചലച്ചിത്ര മേഖലയ്ക്ക് ഉണർവേകി. തീയേറ്റർ റിലീസുകൾക്കായി സിനിമാപ്രേമികളും ചലച്ചിത്ര പ്രവർത്തകരും തീയേറ്റർ ഉടമകളുമെല്ലാം കാത്തിരുന്നു. കോവിഡ് നിയന്ത്രങ്ങങ്ങൾ നില നിൽക്കുന്ന സാഹചര്യത്തിൽ വെളളിത്തിരയിൽ എത്തുന്ന സിനിമകൾ ഏത് രീതിയിൽ സ്വീകരിക്കപ്പെടും എന്ന കാര്യത്തിൽ എല്ലാവരിലും ആശങ്കകളുമുണ്ടായിരുന്നു. പ്രേക്ഷകപ്രീതി നേടുന്ന സിനിമകൾ തീയേറ്ററുകളിലും ആളെ നിറയ്ക്കുകയും മികച്ച അഭിപ്രയം നേടാനാകാത്ത സിനിമകൾ കളമൊഴിയുകയും ചെയ്യുന്ന രീതി തുടരുന്നതായാണ് കോവിഡ് സൃഷ്ട്ടിച്ച ഇടവേളയ്ക്ക് ശേഷം പ്രദർശന ശാലകളിൽ എത്തിയ സിനിമകളുടെ പ്രകടനം സൂചിപ്പിക്കുന്നത്. ‘ദി പ്രീസ്റ്റ്, ‘വൺ’ തുടങ്ങിയ സിനിമകൾ പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് മടക്കിയപ്പോൾ സിനിമാ മേഖലയ്ക്ക് അത് വലിയ ആശ്വാസമായി.

മലയാളത്തിലെ ആദ്യ ‘ടെക്നോ ഹൊറർ’ ചിത്രം എന്ന വിശേഷണത്തോടെ എത്തിയ ‘ചതുർമുഖം’ പ്രേക്ഷകരേയും നിരൂപകരേയും ഒരേ പോലെ ആകർഷിച്ചുകൊണ്ട് വൻ വിജയം നേടിയപ്പോൾ മലയാള സിനിമയ്ക്ക് അത് ഒരു പുത്തനുണർവ്വ് സമ്മാനിക്കുക കൂടെ ചെയ്തു.‌ ലോക സിനിമയിൽ മുൻപും അവതരിപ്പിക്കപ്പെട്ടിട്ടുള്ള പ്രമേയം തികഞ്ഞ കയ്യടക്കത്തോടെ മലയാളത്തിന്റെ വെള്ളിത്തിരയിൽ എത്തിയപ്പോൾ രഞ്ജിത് കമല ശങ്കർ, സലിൽ വി എന്നീ നവാഗത സംവിധായകരുടെ വരവ് കൃത്യമായി അടയാളപ്പെടുത്തുന്ന ചിത്രം കൂടിയായി ‘ചതുർമുഖം’ . ശബ്ദ മിശ്രണം, സംഗീതം, എഡിറ്റിങ് തുടങ്ങിയ മേഖലകളിൽ എല്ലാം ചിത്രം പ്രേക്ഷകർക്ക് പൂർണ സംതൃപ്തി സമ്മാനിച്ചു. മഞ്ജു വാര്യർ അടക്കമുള്ള അഭിനേതാക്കളുടെ അഭിനയ മികവ് സിനിമയുടെ ഏറ്റവും വലിയ സവിശേഷതായായി. കുടുംബ സദസ്സുകൾ ഈ സിനിമയ്ക്ക് നൽകിയത് വളരെ വലിയ പിന്തുണയാണ്. എല്ലാ വിഭാഗം പ്രേക്ഷകരേയും ആകർഷിച്ചു കൊണ്ട് കേരളത്തിനകത്തും പുറത്തും മികച്ച വിജയം നേടാൻ കഴിയുന്നു എന്നാണ് ചതുർമുഖത്തിന്റെ തീയേറ്റർ കണക്കുകൾ സൂചിപ്പിക്കുന്നത്.


നിരവധി സിനിമകൾ റിലീസിന് തയ്യാറെടുക്കുകയാണ്. കുറുപ്പ്, മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, ഹൃദയം, മാലിക്ക്, സല്യൂട്ട് തുടങ്ങിയ സിനിമകൾ പ്രേക്ഷകരുടെ മുന്നിലേക്ക് വരും മാസങ്ങളിൽ എത്തുന്നു. ബറോസ്, ഭീഷ്മ പർവ്വം തുടങ്ങിയ സിനിമകളുടെ ചിത്രീകരണം പുരോഗമിക്കുന്നു. മലയാള സിനിമ ഏറെ പ്രതീക്ഷയോടെ വരും നാളുകളെ കാത്തിരിക്കുന്നു. വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുന്ന ആഘാതങ്ങൾക്കൊടുവിൽ മനുഷ്യ മനസ്സുകൾക്ക് വലിയ ആശ്വാസം നൽകുവാൻ സിനിമ എന്ന മാധ്യമത്തിന് സാധിക്കും, അതുകൊണ്ട് കൂടിയാണല്ലോ ആസ്വാദകരെ ഏറ്റവും അധികം സ്വാധീനിക്കുന്ന മാധ്യമമായി പോയ നൂറ്റാണ്ടിലും ഈ നൂറ്റാണ്ടിലും സിനിമയെ വിശേഷിപ്പിക്കുന്നത്. ചലച്ചിത്ര പ്രവർത്തകർക്കും അസംഖ്യം മറ്റ് ആളുകൾക്കും നേരിട്ടും അല്ലാതെയും സിനിമ ജീവിതോപാധി ആകുമ്പോൾ, മികച്ച ചിത്രങ്ങളും അവയ്ക്ക് ലഭിക്കുന്ന പിന്തുണയും തന്നെയാണ് ഈ വ്യവസായത്തിന്റെ നിലനിൽപ്പിനേയും വളർച്ചയേയും ഏറ്റവും അധികം സ്വാധീനിക്കുന്നത്. ആ അർഥത്തിൽ ‘ചതുർമുഖം’ അടക്കമുള്ള സിനിമകളുടെ വൻ വിജയം മലയാള സിനിമയ്ക്ക് നൽകുന്ന ഉണർവ് ചെറുതല്ല.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •