# സരിൻ രാജൻ 

തികച്ചും വ്യത്യസ്തരായ, അപരിചതരായ ഒരു കൂട്ടം ആളുകളെ തീയേറ്ററുകളിൽ ഒന്നിപ്പിക്കുന്ന മതമാണ് സിനിമ. കൊട്ടകകളിലെ ഈ രസതന്ത്രം അന്യമായിട്ട് ഏകദേശം ഒരു വർഷത്തിലേറെ ആയിരുന്നു. നമ്മുടെ തിരശീലകളിൽ ഒരു മലയാളം സിനിമ പ്രദർശിപ്പിക്കപ്പെടാത്ത ഇത്ര ദീർഘമായ കാലയളവ് മുൻപ് ഉണ്ടായിട്ടില്ല . ഇടയ്ക്ക് നിർമാതാക്കളും വിതരണക്കാരും തമ്മിൽ ഉള്ള ചില സൗന്ദര്യ പിണക്കങ്ങൾ ഒഴിച്ചാൽ മലയാള സിനിമ ഇത് പോലൊരു പ്രതിസന്ധിയിൽ അകപ്പെടുന്നത് ഇതാദ്യം എന്നാൽ പഴകിയ വീഞ്ഞിനു വീര്യം കൂടുമെന്നോണം ദീർഘ നാളുകൾക്കു ശേഷം ഒരു മലയാള സിനിമ വെള്ളിത്തിര കണ്ടിരിക്കുകയാണ് .ക്യാപ്റ്റൻ എന്ന ചിത്രത്തിന് ശേഷം ഒരു പ്രജേഷ് സെൻ -ജയസൂര്യ മാജിക് .’വെള്ളം ‘ റിലീസ് ചെയ്തു .നല്ല അഭിപ്രായങ്ങളുമായി ചിത്രം മുൻപോട്ടു പോകുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത് .പലരുടെയും മുൻവിധികൾ തള്ളിയാണ് ‘വെള്ളം’ തിരശീല കാണുന്നത് .ഒരു കണക്കിന് പറഞ്ഞാൽ ഒരു മലയാളം ചിത്രം വെള്ളിത്തിരയിൽ കാണാൻ ദാഹിച്ചിരുന്ന പലർക്കും കുടിവെള്ളമായി മാറി ‘വെള്ളം ‘. ഇറങ്ങാനിരിക്കുന്ന പല മുൻ നിര ചിത്രങ്ങളോട് പടപൊരുതി എന്നൊക്കെ പറഞ്ഞാൽ അത് ഉചിതമാകില്ല .ഇത്രയും നീണ്ട കത്തിരിപ്പ് ,പലരുടെയും ഒരേ ഒരു ആശ മലയാള സിനിമയുടെ പ്രൗഢി വീണ്ടെടുക്കുക എന്നുള്ളത് മാത്രമായിരുന്നു .വാങ്ക് എന്നൊരു ചിത്രവും ഇതിനിടയിൽ പ്രദർശനത്തിന് എത്തി .

ഒരു ഇടവേളയ്ക്ക് ശേഷം ആദ്യം റിലീസ് ആയതു ഒരു തമിഴ് ചിത്രമാണ് .ഒരു സിനിമ എന്നത് ഒരാളുടെ സ്വപ്‍നവും അനേകായിരം പേരുടെ അധ്വാനവുമാണ് .അങ്ങനെ നോക്കുമ്പോൾ ഇതിലൊരു വേർതിരിവ് ആരും ചിന്തിച്ചിട്ട് പോലുമുണ്ടാകില്ല .സാമൂഹ്യമാധ്യമങ്ങളിൽ ഒന്നടങ്കം എല്ലാവരും വെള്ളിത്തിരയിൽ വീണ്ടും വിസ്മയങ്ങൾ പൂക്കുന്നത് കാണാനായി ഒന്നിച്ചു .ഇപ്പോൾ തന്നെ ഏകദേശം 19 ചിത്രങ്ങളുടെ റിലീസ് കാത്തിരിപ്പ് തുടങ്ങി .ഇതിനിടയിൽ പല ചിത്രങ്ങളും പ്രഖ്യാപിച്ചു .അങ്ങനെ സിനിമ മെല്ലെ ചലിച്ചു തുടങ്ങി .ഒടുവിൽ ജനുവരി 13 നു മാസ്റ്റർ റിലീസോടുകൂടി കേരളത്തിലെ തിരശീലകളിൽ വിസ്മയം പൂത്തു തുടങ്ങി .കാണികൾ ആവേശത്തോടെ വെള്ളിത്തിരയിൽ വീണ്ടും വെളിച്ചം പൂക്കുന്നത് കാണാനായി ആരവങ്ങളും മേളങ്ങളുമായി എത്തി .അങ്ങനെ ഒരു വർഷത്തിലേറെ ഉള്ള മരവിപ്പുകളും പലരും മറന്നു തുടങ്ങി .ഇനി ഒരിക്കലും വെള്ളിത്തിരയിലെ വെളിച്ചം അണയാതിരിക്കട്ടെ എന്ന പ്രതീക്ഷയോടെ സിനിമാ പ്രേമികൾ പുതിയ റിലീസുകൾക്കായി കാത്തിരിക്കുന്നു.

 

Spread the love
  •  
  •  
  •  
  •  
  •  
  •  
  •