മലബാറിലെ ശക്തനായ രാജാവായിരുന്ന സാമൂതിരിയുടെ പടയാളികളും,വള്ളുവനാട്ടിലെ ചേകവൻമാരും 12 വർഷത്തിൽ ഒരിക്കൽ തിരുനാവായ മണപ്പുറത്ത് തിരുവാതിരക്കാലത്ത് മുഖത്തോടു മുഖം ഏറ്റുമുട്ടുന്ന മാമാങ്ക മഹോത്സവം വെളളിത്തിരയിലെത്തുമ്പോൾ പ്രേക്ഷകപ്രതീക്ഷകൾ ഏറെയാണ്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ഡബ്ബ് ചെയ്ത് പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന മാമാങ്കം മലയാള സിനിമ ഇതുവരെ കാണാത്ത വലിയ ക്യാൻവാസിൽ ആണ് ഒരുക്കിയിരിക്കുന്നത്. എം.പദ്മകുമാർ സംവിധാനം ചെയ്യുന്ന മാമാങ്കം വേണു കുന്നപ്പള്ളിയാണ് നിർമിച്ചിരിക്കുന്നത്. മാമാങ്കം തന്റെ നാലുപതിറ്റാണ്ടു നീണ്ട അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ ചിത്രമാണെന്ന് മമ്മൂട്ടി വിശേഷിപ്പിച്ചിരുന്നു. വൻ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ സാങ്കേതിക മേഖലകളിലും പ്രഗത്ഭരുടെ സാന്നിധ്യമുണ്ട്

മലയാളത്തിന് എക്കാലവും അഭിമാനിക്കാവുന്ന ചിത്രമാകും മാമാങ്കമെന്ന് ചിത്രത്തിൽ ഒരു കഥാപാത്രമായെത്തുന്ന യുവനടൻ രതീഷ് കൃഷ്ണൻ പറഞ്ഞു. രതീഷ് കൃഷ്ണന്റെ വാക്കുകൾ – “മാമാങ്കത്തിൽ ഒരു ചെറിയ വേഷത്തിലാണ് എത്തുന്നത്. മാമാങ്കം പോലെ ഒരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞത് മഹാഭാഗ്യം തന്നെ. മമ്മൂക്കയോടൊപ്പം ഇത് രണ്ടാമത്തെ ചിത്രം. കഥാപാത്രങ്ങളുടെ പൂർണ്ണതയ്ക്കായുള്ള മമ്മൂക്കയുടെ ആത്മസമർപ്പണവും കൂടെ അഭിനയിക്കുന്നവർക്ക് അദ്ദേഹം നൽകുന്ന പിന്തുണയും പ്രോത്സാഹനവുമൊക്കെ കാണാനും അനുഭവിച്ചറിയാനുമൊക്കെയുള്ള സുവർണാവസരം കൂടിയായിരുന്നു സിനിമയുമായി സഹകരിച്ച കുറച്ചു ദിവസങ്ങൾ. ആയാസകരമായ രംഗങ്ങൾ, അതും രാത്രി ഏറെ വൈകിയാണ് പല രംഗങ്ങളും ചിത്രീകരിച്ചത്. നോമ്പ് സമയത്തായിരുന്നു ചിത്രീകരണം. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും മലയാളത്തിന്റെ മഹാനടൻ ഇന്ത്യൻ സിനിമയുടെ അഭിമാനമായി നിലകൊള്ളുന്നത് അഭിനയത്തോടുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത അഭിനിവേശം കൊണ്ടും സമർപ്പണം കൊണ്ടും തന്നെയാണ്. പുതിയ തലമുറയ്ക്ക് എക്കാലത്തും   മാതൃകയാക്കാവുന്ന വ്യക്തിത്വം”

ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ രതീഷ് കൃഷ്ണൻ ഷാജി പാടൂർ സംവിധാനം ചെയ്ത ‘അബ്രഹാമിന്റെ സന്തതികൾ’ എന്ന ചിത്രത്തിൽ ഒരു ശ്രദ്ധേയ വേഷത്തിൽ എത്തിയിരുന്നു. അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ‘ട്രാൻസ്’ , ശംഭു പുരുഷോത്തമൻ സംവിധാനം ചെയ്യുന്ന ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ . സ്‌കൂൾ , കോളേജ് കലോത്‌സവ വേദികളിൽ മിമിക്രി, മോണോ ആക്ട് തുടങ്ങിയ ഇനങ്ങളിൽ നിരവധി പുരസ്‌ക്കാരങ്ങൾ നേടിയിട്ടുള്ള രതീഷ് കൃഷ്ണൻ ഐ.ടി ജോലി ഉപേക്ഷിച്ചാണ് സിനിമയിൽ എത്തിയത്. ശ്രദ്ധേയങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാനുള്ള തയ്യാറെടുപ്പുകളിലാണ് രതീഷ് കൃഷ്ണൻ.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •